ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പിന്നിടുകയാണ്. ഈ വലിയ നേട്ടത്തിന്റെ ആഘോഷത്തിന് കൂടുതല്‍ മോടിപിടിപ്പിക്കുന്നതിനായി ഹരിയാനയിലെ ഗുരുഗ്രാമില്‍ പുതിയ ആസ്ഥാനമന്ദിരം തുറന്നിരിക്കുകയാണ് ഹ്യുണ്ടായി. ഡല്‍ഹി ആസ്ഥാനമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.

ഹ്യുണ്ടായി വാഹനങ്ങളെ പോലെ തന്നെ മികച്ച സൗന്ദര്യത്തിലും ഹൈടെക് സംവിധാനങ്ങളിലുമാണ് ഗുരുഗ്രാമിലെ ഈ ഹ്യുണ്ടായി ആസ്ഥാനം ഒരുങ്ങിയിട്ടുള്ളത്. 1000 കോടി രൂപ മുതല്‍മുടക്കിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 28,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ ബഹുനില കെട്ടിടം ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. ഇ.വി. ചാര്‍ജിങ്ങ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ജനങ്ങളുമായുള്ള സഹകരണത്തിന്റെയും ഹ്യുണ്ടായിയുടെ വിജയകരമായ യാത്രയുടെയും പ്രതീകമാണ് ഗുരുഗ്രാമില്‍ ഉയര്‍ന്നിട്ടുള്ള ഈ പുതിയ ആസ്ഥാനം. ഇന്ത്യയില്‍ മറ്റൊരു സുപ്രധാനമായ നാഴികക്കല്ല് കൂടി താണ്ടാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിരിക്കുകയാണെന്നും തുടര്‍ന്നും ഇന്ത്യയിലെ ജനങ്ങളോടുള്ള പ്രതിബന്ധത തുടരുമെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി എസ്.എസ്. കിം അറിയിച്ചു. 

പനോരമിക് വ്യൂ നല്‍കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള അഞ്ച് നില കെട്ടിടമാണ് ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ നടുത്തളത്തില്‍ നിന്നാല്‍ മുകളില്‍ വരെയുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. പ്രോഗ്രാമികളും മറ്റും നടത്താന്‍ സാധിക്കുന്ന ബോള്‍റൂമിലേക്കാണ് പ്രധാന കവാടം തുറന്ന് എത്തുന്നത്. ആറ് കോണ്‍ഫറന്‍സ് റൂമുകളില്‍ ഇതിലുണ്ട്. പ്രകൃതി സൗഹാര്‍ദമായണ് ഇത് തീര്‍ത്തിരിക്കുന്നത്. 

ജീവനക്കാരുടെ സുരക്ഷയ്ക്കും പ്രധാന്യം നല്‍കുന്നുണ്ട്. തെര്‍മല്‍ സ്‌കാനിങ്ങ്, സാന്നിറ്റൈസേഷനുള്ള യു.വി. ലൈറ്റിങ്ങ്, ഫില്‍റ്റര്‍ സംവിധാനമുള്ള എയര്‍ ഡക്ടറ്റുകള്‍ എന്നിവ ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. 300 പേര്‍ക്ക് ഇരിക്കാവുന്ന ക്യാന്റീന്‍, സ്ത്രീകള്‍ക്കുള്ള വിശ്രമമുറിയും ഈ കെട്ടിടത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 50 കിലോവാട്ട് സോളാര്‍ പാനലുകളാണ് മേല്‍കൂരയില്‍ നല്‍കിയിട്ടുള്ളത്.

Content Highlights: The New Corporate Headquarters of Hyundai Motor India in Gurugram