ബി.എം.ഡബ്ല്യു സിക്‌സ് സീരീസ് | Photo: BMW India
ആഡംബര വാഹനങ്ങളിലെ അതികായരായ ബി.എം.ഡബ്ല്യുവിന്റെ 6 സീരീസ് ജി.ടിയുടെ 2021 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 630i എം സ്‌പോര്‍ട്ട്, 620d ലക്ഷ്വറി ലൈന്‍, 630d എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന സിക്‌സ് സീരീസിന് യഥാക്രമം 67.90 ലക്ഷം രൂപ, 68.90 ലക്ഷം രൂപ, 77.90 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറും വില. കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ എത്തിയ സിക്‌സ് സീരീസ് ജി.ടിയാണ് കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റില്‍ പ്രദേശികമായി നിര്‍മിച്ചാണ് ഈ വാഹനം എത്തിയിട്ടുള്ളത്. കൂടുതല്‍ ആകര്‍ഷകമായ ഡിസൈന്‍, ഈ വാഹനം ഉള്‍പ്പെടുന്ന ശ്രേണിയില്‍ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളും, നൂതന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി എത്തിയിട്ടുള്ള എന്‍ജിന്റെ അകമ്പടിയോടെയാണ് സിക്‌സ് സീരീസിന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. എക്‌സിക്യൂട്ടീവ് സെഡാന്‍ ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം എതിരാളികളെക്കാള്‍ ഒരുപടി മുന്നിലാണെന്നാണ് നിര്‍മാതാക്കളുടെ വാദം.
കൂപ്പെ മാതൃകയിലാണ് പുതിയ സിക്‌സ് സീരീസ് എത്തിയിട്ടുള്ളത്. ലക്ഷ്വറി ലൈന്‍, എം. സ്‌പോര്‍ട്ട് എന്നീ രണ്ട് ഡിസൈന്‍ ശൈലികളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വലിപ്പമുള്ള കിഡ്‌നി ഗ്രില്‍, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍.ഇ.ഡി. അഡാപ്റ്റീവ് ഹെഡ്‌ലാമ്പ്, അഴിച്ചുപണിതിട്ടുള്ള ബമ്പറുകള്‍, സ്‌പോര്‍ട്ടി ഭാവം നല്‍കുന്ന അലോയി വീലുകള്‍ എന്നിവ ഈ വാഹനത്തിലെ ഡിസൈന്‍ മാറ്റങ്ങളാണ്. 650 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പ്രകാശമെത്തിക്കുന്ന ലേസര്‍ ലൈറ്റ് ഇതില്‍ ഓപ്ഷണലായി ഒരുക്കുന്നുണ്ട്.
ഇന്റീരിയറിലും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും, ആംബിയന്റ് ലൈറ്റിങ്ങ്, 360 ഡിഗ്രി ക്യാമറ, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍ സീറ്റ്, നാപ്പ് ലെതറില്‍ ഡയമണ്ട് സ്റ്റിച്ചിങ്ങുകള്‍ നല്‍കിയുള്ള ഡാഷ്‌ബോര്‍ഡ്, ടൂ പാര്‍ട്ട് സണ്‍റൂഫ് എന്നിവയ്‌ക്കൊപ്പം വിശാലമായ സ്‌പേസും ആഡംബരവും നിറഞ്ഞ് നില്‍ക്കുന്നതാണ് ഈ വാഹനത്തിന്റെ അകത്തളം.
രണ്ട് ഡീസല്‍ എന്‍ജിനുകളിലും ഒരു പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനമെത്തുന്നത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്നിവയും 2.0 നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 258 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കും, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 190 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കും, 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 265 ബി.എച്ച്.പി. പവറും 620 എന്‍.എം. ടോര്‍ക്കുമേകും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
Content Highlights: The new BMW 6 Series launched in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..