ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ പ്രീമിയം സെഡാന്‍ വാഹനം ഫൈവ് സീരീസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിച്ചാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ 530i എം സ്‌പോര്‍ട്ട്, 520d ലക്ഷ്വറി ലൈന്‍, 530d എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഫൈവ് സീരീസിന്റെ പുതിയ മോഡലിന് യഥാക്രമം 62.90 ലക്ഷം, 63.90 ലക്ഷം, 71.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 

മികച്ച സ്റ്റൈലിങ്ങിനൊപ്പം അപ്‌ഡേറ്റ് ചെയ്ത ഫീച്ചറുകളുമായാണ് ഫൈവ് സീരീസ് എത്തിയിട്ടുള്ളത്. ഈ വാഹനം ഉള്‍പ്പെടുന്ന പ്രീമിയം സെഡാന്‍ സെഗ്മെന്റില്‍ ഏറ്റവും ഉയര്‍ന്ന പെര്‍ഫോമെന്‍സാണ് പുതിയ ഫൈവ് സീരീസ് നല്‍കുകയെന്നാണ് ബി.എം.ഡബ്ല്യു അവകാശപ്പെടുന്നത്. ഔഡി A6, ജാഗ്വാര്‍ XF, മെഴ്സിഡീസ് ബെന്‍സ് ഇ-ക്ലാസ്, വോള്‍വോ S90 എന്നീ ആഡംബര വാഹനങ്ങളായിരിക്കും ഇന്ത്യയില്‍ ബി.എം.ഡബ്ല്യു ഫൈവ് സീരീസിന്റെ പ്രധാന എതിരാളികള്‍. 

ബി.എം.ഡബ്ല്യുവിന്റെ സിഗ്നേച്ചറായ കിഡ്‌നി ഗ്രില്ലാണ് മുഖഭാവത്തിന് ആഡംബര ഭാവം നല്‍കുന്നത്. എന്നാല്‍, മുന്‍ മോഡലിനെക്കാള്‍ വീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ലേസര്‍ ടെക്‌നോളജിയിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍-ഷേപ്പ് ഡി.ആര്‍.എല്‍, പുതുക്കി പണിതിട്ടുള്ള ബമ്പര്‍, അടിസ്ഥാന മോഡലില്‍ 18 ഇഞ്ചും ഉയര്‍ന്ന വേരിയന്റില്‍ കൂടുതല്‍ വലിപ്പമുള്ളതുമായ അലോയി വീലുകളുമാണ് പുതിയ ഫൈസ് സീരീസിലുള്ളത്. ടെല്‍ലാമ്പിലും മറ്റും മുന്‍ മോഡലിലേത് നിലനിര്‍ത്തിയിട്ടുണ്ട്.

BMW 5 Series

12.3 ഇഞ്ച് വലിപ്പമുള്ള ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ ഫൈവ് സീരീസിന്റെ അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇതേ വലിപ്പത്തില്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഒരുങ്ങിയിട്ടുണ്ട്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, പുതിയ ലോവര്‍ ക്ലൈമറ്റ് ഡിസ്‌പ്ലേ, ഗ്ലോസ് ബ്ലാക്ക് സെന്റര്‍ കണ്‍സോള്‍, വേരിയന്റിന് അനുസരിച്ച്  സിന്തറ്റിക് ലെതര്‍, ഡക്കോട്ട ലെതര്‍, നാപ്പ ലെതര്‍ എന്നിവ നല്‍കി അലങ്കരിച്ചിരിക്കുന്ന ഇന്റീരിയറുമാണ് ഈ വഹനത്തിന് പുതുമ നല്‍കുന്നത്.

മെക്കാനിക്കലായി യാതൊരു മാറ്റത്തിനും മുതിരാതെയാണ് ഇത്തവണ ഫൈവ് സീരീസ് എത്തിയിട്ടുള്ളത്.  530i-യില്‍ 252 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 520d-യില്‍ 190 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, 530d-യില്‍ 265 ബി.എച്ച്.പി. പവറും 620 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുടരും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും മൂന്നിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: The new BMW 5 Series launched in India