ലേലത്തിലൂടെ സ്വന്തമാക്കിയ എക്‌സ്.യു.വി.400 ആനന്ദ് മഹീന്ദ്ര ഉടമയ്ക്ക് കൈമാറുന്നു | Photo: Twitter/Mahindra Group
ഒരു പുതിയ വാഹനം വിപണിയില്‍ എത്തിക്കുമ്പോള്‍ ആഘോഷത്തിനൊപ്പം അല്‍പ്പം ആതുരസേവനവും മഹീന്ദ്രയുടെ രീതിയാണ്. ഥാര്‍ എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വി. അവതരിപ്പിച്ചതിന് പിന്നാലെ ആദ്യ മോഡല്‍ ലേലത്തില്‍ വയ്ക്കുകയും 1.11 കോടി രൂപ ലേലം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇത്രതന്നെ തുക മഹീന്ദ്രയും നല്‍കി 2.22 കോടി രൂപയാണ് അന്ന് കോവിഡ് ഫണ്ടിലേക്ക് സംഭാവനയായി നല്‍കിയത്. എക്‌സ്.യു.വി. 400 എത്തിയപ്പോഴും ഇതേ കീഴ്‌വഴക്കം ആവര്‍ത്തിക്കുകയാണ് മഹീന്ദ്ര.
ഇലക്ട്രിക് എസ്.യു.വിയായി എത്തിയ മഹീന്ദ്ര എക്‌സ്.യു.വി.400 ലേലം ചെയ്തതിലൂടെ ഒരു കോടി എഴുപത്തി അയ്യായിരം രൂപയാണ് ലഭിച്ചത്. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ കരുണാകര്‍ കുന്ദവാരം എന്നയാളാണ് ഈ വാഹനം 1,00,75,000 രൂപയ്ക്ക് ലേലം കൊണ്ടത്. മഹീന്ദ്രയുടെ നേതൃത്വത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ചാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര കരുണാകറിന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്.
കോടി രൂപ നല്‍കി സ്വന്തമാക്കിയ ഈ എക്‌സ്.യു.വി.400-ല്‍ ചില പ്രത്യേകതകളോടെയാണ് ഉടമയ്ക്ക് മഹീന്ദ്ര നല്‍കിയിട്ടുള്ളത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ റിംസിം ദാദുവും മഹീന്ദ്ര ചീഫ് ഡിസൈനര്‍ പ്രതാപ് ബോസും ചേര്‍ന്നാണ് ഈ വാഹനത്തെ അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിക് ബ്ലൂ നിറത്തിനൊപ്പം കോപ്പര്‍ ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള ലോഗോയുമായാണ് ഇത് എത്തുന്നത്. റിംസിം ദാദു എക്‌സ് ബോസ് എന്നാണ് ഈ വാഹനത്തിന്റെ എഡിഷന്‍ നെയിം. ഇത് വാഹനത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
മറ്റ് ഫീച്ചറുകളെല്ലാം റെഗുലര്‍ എക്‌സ്.യു.വി 400-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. ഇതിലെ ഇ.സി. വേരിയന്റുകളില്‍ 34.5 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 375 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് നല്‍കുന്നത്. 39.4 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് ഇ.എല്‍. വേരിയന്റില്‍ ഉള്ളത്. 456 കിലോമീറ്ററാണ് ഉറപ്പുനല്‍കുന്നത്.
രണ്ട് ബാറ്ററിപാക്ക് മോഡലുകളിലും ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ഒന്നുതന്നെയാണ്. ഇത് 150 പി.എസ്. പവറും 310 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 8.3 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. അതിവേഗ ചാര്‍ജിങ്ങും ഈ വാഹനത്തില്‍ സാധ്യമാണ്. 50 കിലോവാട്ട് ഡി.സി. ചാര്‍ജറില്‍ 50 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയും. 7.2 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 6.30 മണിക്കൂര്‍ വേണം ബാറ്ററി നിറയാന്‍.
Content Highlights: The man who bought the Mahindra XUV400 for 1 crore, Mahindra XUV400, Anand Mahindra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..