കിയയുടെ വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. പരമ്പരാഗത കാറുകള്‍ക്ക് പുറമെ, ഇലക്ട്രിക് കാറുകളിലേക്കും കൂടി കിയ മോട്ടോഴ്‌സ് ചുവടുവയ്ക്കും. പാരീസ് ഓട്ടോ ഷോയിലാണ് കിയയുടെ ഇലക്ട്രിക് കാറായ ഇ-നിറോ പ്രദര്‍ശനത്തിനെത്തിയത്. 

ക്രോസ് ഓവര്‍ സെഗ്മെന്റിലെത്തുന്ന ഇ-നിറോയുടെ ഏറ്റവും പ്രധാന ആകര്‍ഷണം മൈലേജാണ്. ഒറ്റത്തവണ ചര്‍ജ് ചെയ്യുന്നതിലൂടെ 481 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ക്രോസ് ഓവര്‍ സെഗ്മെന്റിലെത്തുന്ന വാഹനം ഹ്യുണ്ടായിയുടെ കോനയുമായായിരിക്കും മത്സരിക്കുക. എന്നാല്‍, കോനയെക്കാള്‍ 20 സെന്റീമീറ്റര്‍ അധികം വലിപ്പമുള്ള ഈ കാറില്‍ 450 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് ഒരുക്കിയിട്ടുള്ളത്. 

64 കിലോവാട്ട് ശേഷിയുള്ള ബാറ്ററിക്കൊപ്പം 204 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ് ഇ-നിറോയിക്ക് കരുത്ത് പകരുന്നത്. 7.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 

ഇലക്ട്രിക് കാര്‍ ശ്രേണിയില്‍ ഏറ്റവുമധികം മൈലേജ് ഉറപ്പുനല്‍കുന്ന വാഹനമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിദേശ നിരത്തുകളില്‍ മാര്‍ച്ച് മാസത്തോടെ ഈ വാഹനം എത്തുമെങ്കിലും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.