ന്ത്യന്‍ വാഹനവിപണി പ്രതീക്ഷിച്ചതിലും വേഗം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുക്കി. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ആളുകള്‍ പൊതുവാഹനങ്ങള്‍ക്കു പകരം വ്യക്തിഗത വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. ഇത് വാഹനവിപണിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും വാഹനഘടക നിര്‍മാതാക്കളുടെ അസോസിയഷന്റെ (എ.സി.എം.എ.) വാര്‍ഷികയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കോവിഡ് കാലഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ഇന്ത്യയില്‍ വാഹനവില്‍പ്പനയില്‍ കുറവുണ്ടായേക്കും. ആദ്യപാദത്തില്‍ വില്‍പ്പനയില്‍ 75 ശതമാനംവരെ കുറവുണ്ടായി. 2019-20 സാമ്പത്തികവര്‍ഷം വില്‍പ്പനയിലെ ഇടിവ് 18 ശതമാനം വരെയായിരുന്നു. പുതിയ സാഹചര്യത്തില്‍ വര്‍ഷം ഒരുകോടി വില്‍പ്പനയെന്ന നേട്ടത്തിലേക്ക് എത്തണമെങ്കില്‍ 2030 വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ അഞ്ചുവര്‍ഷത്തിനകം അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാകുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഉത്പാദനമേഖലയില്‍ വലിയ വളര്‍ച്ചയ്ക്ക് കളമൊരുക്കും. വാഹനമേഖലയിലും ഇത് പ്രതിഫലിക്കും. മെയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ഭാരത് പദ്ധതികളുടെ ചുവടുപിടിച്ച് വാഹനഘടകങ്ങള്‍ പരമാവധി ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനി നടപടികള്‍ തുടങ്ങി. 

ഇന്ത്യയിലെ വാഹനഘടക നിര്‍മാതാക്കള്‍ ഗവേഷണത്തിനും ശേഷിവികസനത്തിനുമായി കൂടുതല്‍ നിക്ഷേപം നടത്തണം. ഇന്ത്യയെ കയറ്റുമതി ഹബ്ബായി മാറ്റുന്നതിന് ഇത് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനഘടക ഉത്പാദനത്തില്‍ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് ഹീറോ മോട്ടോകോര്‍പ് സി.എം.ഡി.യും സി.ഇ.ഒ.യുമായ പവന്‍ മുന്‍ജാള്‍ പറഞ്ഞു.

Content Highlights: The Indian auto market is expected to recover faster