മിനി കൺവേർട്ടബിൾ | Photo: Mini India
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ 'മിനി' മൂന്ന് പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. മിനി ത്രീ ഡോര്‍ ഹാച്ച്ബാക്ക്, മിനി കണ്‍വേര്‍ട്ടബിള്‍, ജോണ്‍ കൂപ്പര്‍ വര്‍ക്ക് ഹാച്ച് എന്നീ മോഡലുകളാണ് മിനി നിരയില്‍ പുതുതായി എത്തിയിട്ടുള്ളത്. പൂര്‍ണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനള്‍ക്ക് യഥാക്രമം 38 ലക്ഷം, 44 ലക്ഷം, 45.50 ലക്ഷം രൂപ എന്നിവയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
മിനിയുടെ ഐതിഹാസിക രൂപത്തിനൊപ്പം കിടിലന്‍ സ്റ്റൈലും നല്‍കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ബമ്പറിലേക്ക് വ്യാപിച്ചിട്ടുള്ള പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള റേഡിയേറ്റര്‍ ഗ്രില്ല്, വൃത്താകൃതിയിലുള്ള ഡി.ആര്.എല്ലിനൊപ്പം എല്‍.ഇ.ഡി. ലൈറ്റുകളും നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍ തുടങ്ങിയവയാണ് ത്രീ ഡോര്‍ ഹാച്ച്ബാക്ക്, മിനി കണ്‍വേര്‍ട്ടബിള്‍ മോഡലുകളുടെ മുഖഭാവത്തിന് സൗന്ദര്യം പകരുന്നത്. യൂണിയന് ജാക്ക് ഡിസൈനിങ്ങുള്ള ടെയ്ല്‍ലാമ്പും പുതിയ ബമ്പറും പിന്‍വശത്തെയും അലങ്കരിക്കുന്നുണ്ട്.
എന്നാല്‍, മോഡലുകളില്‍ നിന്ന് വേറിട്ട് നല്കുന്ന ഡിസൈനാണ് ജോണ്‍ കൂപ്പര്‍ വര്‍ക്ക് ഹാച്ചില്‍ നല്‍കിയിട്ടുള്ളത്. ഹെക്സാഗൊണല്‍ ഗ്രില്ല്, എയര്‍വെന്റുകള്‍ നല്‍കിയിട്ടുള്ള ഫ്രൊന്റ് ഏപ്രണ്‍,ഡി.ആര്.എല്ലിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ്, ബോഡി കളറില്‍ നിന്ന് വ്യത്യസ്തമായ റൂഫും റിയര്‍വ്യൂ മിററും, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ എത്തിനയാണ് ജോണ്‍ കൂപ്പര്‍ വര്‍ക്ക് ഹാച്ചിനെ വ്യത്യസ്തമാക്കുന്നത്. റിയര്‍ പ്രൊഫൈല്‍ മറ്റ് മോഡലുകള്‍ക്ക് സമാനമായാണ് ഒരുക്കിയിട്ടുള്ളത്.

ഒരുപോലുള്ള ഡിസൈനിലാണ് മൂന്ന് മോഡലുകളുടെയും അകത്തളം ഒരുക്കിയിരിക്കുന്നത്. പുതിയ സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോളും അതില്‍ നല്‍കിയിട്ടുള്ള 8.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീ സൈക്കിള്‍ഡ് മെറ്റീരിയര്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സ്പോര്‍ട്സ് സീറ്റുകള്‍ എന്നിവയാണ് ഈ വാഹനങ്ങളുടെ അകത്തളത്തെ കൂടുതല്‍ സ്റ്റൈലിഷാക്കി മാറ്റുന്നത്. ഡാഷ് ബോര്‍ഡില്‍ മാത്രമാണ് മൂന്ന് മോഡലുകളിലും മാറ്റം വരുത്തിയിട്ടുള്ളത്.
ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ മോഡലുകളുടെ അകത്തളം. നാവിഗേഷന്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ്, ആപ്പിള്‍ കാര്‍പ്ലേ, ഹര്മന് കാര്‍ഡോണ്‍ ഓഡിയോ സിസ്റ്റം, ലോഞ്ച്, സ്പോര്‍ട്ട് മോഡുകളുള്ള എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റുകള്‍, ഡ്രൈവ് മോഡുകള്‍, ക്രൂയിസ് കണ്ട്രോള്, പാര്‍ക്ക് അസിസ്റ്റ്, റിയര്‍ വ്യൂ ക്യമാറ തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ എന്നിവയാണ് മിനിയുടെ പുതിയ മോഡലുകളെ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാക്കുന്നത്.

മിനി ത്രീ ഡോര്‍ ഹാച്ച്ബാക്ക്, മിനി കണ്‍വേര്‍ട്ടബിള്‍ എന്നീ മോഡലുകളില്‍ 189 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ നാല് സിലണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്. അതേസമയം, 228 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ജോണ്‍ കൂപ്പര്‍ വര്‍ക്ക് മോഡലിലുള്ളത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്.
Content Highlights: The iconic all-new MINI range of cars arrives in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..