ബി.എം.ഡബ്ല്യു ടൂ സീരീസ് ഗ്രാൻ കൂപ്പെ | Photo: BMW India
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള ഉത്സവസമ്മാനമായി ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ പുതിയ ടൂ സീരീസ് ഗ്രാന്‍ കൂപ്പെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 220 ഡി സ്പോര്‍ട്സ് ലൈന്‍, 220 ഡി എം സ്പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ടൂ സീരീസിന് യഥാക്രമം 39.30 ലക്ഷവും 41.40 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ടൂ സീരീസ് ഗ്രാന്‍ കൂപ്പെ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍, വൈകാതെതന്നെ ഡീസല്‍ മോഡലും പ്രതീക്ഷിക്കാമെന്നാണ് സൂചന. ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് ഈ വാഹനം അസംബിള്‍ ചെയ്യുന്നത്. ബിഎംഡബ്ല്യുവിന്റെ സെഡാന് മോഡലായ ത്രീ സീരീസിന്റെ താഴെയാണ് ഈ വാഹനത്തിന്റെ സ്ഥാനം.
ബിഎംഡബ്ല്യുവിന്റെ പതിവ് ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. അതേസമയം, കൂപ്പെ മോഡലായതിനാല്‍ തന്നെ ചെരിഞ്ഞ റൂഫും പില്ലറുകള്‍ ഇല്ലാതെയുള്ള ഡോറുകളും ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നുണ്ട്. കിഡ്നി ഡിസൈന്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് ടെയ്ല്‍ലാമ്പ് എന്നിവ മറ്റ് ബിഎംഡബ്ല്യു മോഡലുകള്‍ക്ക് സമാനമാണ്.
ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ സിംപിള്‍ ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ള ഇന്റീരിയറാണ് ടൂ സീരീസ് ഗ്രാന്‍ കൂപ്പെയിലുള്ളത്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മള്‍ട്ടി ഫങ്ഷന് ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ലെതര്‍ ആവരണമുള്ള മികച്ച സീറ്റുകള്‍ എന്നിവയാണ് അകത്തളത്തിന്റെ പ്രത്യേകത.
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടൂ സീരീസ് ഗ്രാന്റ് കൂപ്പെയുടെ ഹൃദയം. ഇത് 187 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്. 7.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. മെഴ്സിഡസ് ബെന്‍സ് എ ക്ലാസും ഔഡി എ3-യുമായിരിക്കും ഈ വാഹനത്തിന്റെ എതിരാളികള്‍.
Content Highlights; The first-ever BMW 2 Series Gran Coupé launched in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..