ഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ത്രീ സീരീസിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ M340i  എക്‌സ്‌ഡ്രൈവ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ എം എന്‍ജിന്‍ ഹൈ പെര്‍ഫോമെന്‍സ് വാഹനമാണിത്. ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. വേഗത ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ വാഹന പ്രേമികള്‍ക്കായുള്ള ബി.എം.ഡബ്ല്യുവിന്റെ സമ്മാനമാണിതെന്നാണ് ഈ വാഹനം അവതരിപ്പിച്ച് കമ്പനി മേധാവികള്‍ അഭിപ്രായപ്പെട്ടത്. 

ബി.എം.ഡബ്ല്യു ത്രീ സീരീസ് M340i മോഡലിന് 62.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. വരവിന് മുമ്പുതന്നെ ബി.എം.ഡബ്ല്യു ആരാധാകര്‍ കാത്തിരുന്ന വാഹനമാണിത്. വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച പ്രീ-ലോഞ്ച് ബുക്കിങ്ങിലൂടെ 2021 ജൂണ്‍ മാസം വരെയുള്ള എല്ലാ മോഡലുകളും വിറ്റുത്തീര്‍ന്നതായി ബി.എം.ഡബ്ല്യു. ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച സ്വാധീനമുള്ള ആഡംബര സെഡാനാണ് ത്രീ സീരീസ്. ഇതിന്റെ പെര്‍ഫോമെന്‍സ് പതിപ്പ് ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് വിലയിരുത്തല്‍. 

3.0 ലിറ്റര്‍ സ്‌ട്രെയിറ്റ് സിക്‌സ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്.  ഇത് 387 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വേഗതയാണ് ഈ വാഹനത്തിന് പെര്‍ഫോമെന്‍സ് വാഹനമെന്ന ഖ്യാതി നല്‍കുന്നത്. 4.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയാണ് ഈ വാഹനം കൈവരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഏറ്റവും വേഗതയുള്ള കാറും ഇതാണ്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 

കാഴ്ചയില്‍ തന്നെ സ്‌പോര്‍ട്ടി ഭാവം തുളുമ്പുന്ന ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്‌നി ഗ്രില്ല്, ബി.എം.ഡബ്ല്യു ലേസര്‍ലൈറ്റുകളുള്ള അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഹെക്ടസഗൊണല്‍ ഡി.ആര്‍.എല്‍. തുടങ്ങിയവാണ് മുഖഭാവത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള അലോയി വീല്‍, എല്‍ ഷേപ്പിലുള്ള എല്‍.ഇ.ഡി. ടെയില്‍ലാമ്പ്, എം.റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവ ഈ വാഹനത്തിന്റെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളാണ്. 

ആഡംബര ഫീച്ചറുകള്‍ക്കൊപ്പം സ്‌പേഷ്യസുമായാണ് ക്യാബിന്‍ ഒരുക്കിയിട്ടുള്ളത്. സ്‌പോര്‍ട്‌സ് സീറ്റുകള്‍, ലെതര്‍ ആവരണം നല്‍കിയുള്ള ഡാഷ്‌ബോര്‍ഡ്, പാഡില്‍ ഷിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡോര്‍ സില്ലുകളില്‍ M340i  ലൈറ്റിങ്ങുകള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിന് ആഡംബര ഭാവം പകരുന്നത്. 

സുരക്ഷയുടെ കാര്യത്തിലും കേമനാണ് ഈ പെര്‍ഫോമെന്‍സ് സെഡാന്‍. ആറ് എയര്‍ബാഗ്, അറ്റന്റീവ്‌നെസ് അസിസ്റ്റ്, എ.ബി.എസ്, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ്ങ് ബ്രേക്ക് കണ്‍ട്രോള്‍, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമ്മൊബിലൈസര്‍, ക്രാഷ് സെന്‍സര്‍, ടയര്‍ പ്രഷര്‍ ഇന്റിക്കേറ്റര്‍, റണ്‍ഫ്‌ളാറ്റ് ടയറുകള്‍ തുടങ്ങി നീളുന്നതാണ് ഇതിലും സുരക്ഷ ഫീച്ചറുകള്‍.

Content Highlights: The first-ever BMW M340i xDrive debuts in India