ഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് മേബാക്ക് ജി.എല്‍.എസ്600 എസ്.യു.വി. 2.43 കോടി രൂപ എക്‌സ്‌ഷോറും വിലയുള്ള ഈ വാഹനം വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വിറ്റുത്തീര്‍ന്നു. 2021 ഡിസംബര്‍ വരെ ഇന്ത്യക്കായി അനുവദിച്ചിരുന്ന 50-ല്‍ അധികം യൂണിറ്റുകളാണ് ഒറ്റദിവസം കൊണ്ട് വിറ്റുതീര്‍ന്നത്. 

ആദ്യ ബാച്ചിലെത്തിയ വാഹനങ്ങള്‍ വിറ്റഴിച്ചതിനാല്‍ തന്നെ ഈ വര്‍ഷം മേബാക്കിന്റെ ബുക്കിങ്ങ് സ്വീകരിക്കാനിടയില്ലെന്നാണ് സൂചന. രണ്ടാം ബാച്ചിന്റെ ബുക്കിങ്ങ് 2022-ന്റെ ആദ്യ പാദത്തിലായിരിക്കും ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യ ബാച്ചിലെ വാഹനങ്ങള്‍ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് വൈകാതെ ഇത് കൈമാറാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ വലിയ ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് മേബാക്ക് ജി.എല്‍.എസ് 600. ഇന്ത്യയില്‍ അവതരിപ്പിച്ചതോടെ നിരവധി ആളുകളാണ് ഈ വാഹനം സ്വന്തമാക്കാനെത്തിയത്. ഇതിന്റെ ഫലമായി ആദ്യ 50 വാഹനങ്ങളും അതിവേഗം ബുക്കിങ്ങ് പൂര്‍ത്തിയാക്കിയെന്ന് മേഴ്‌സിഡീസ് ഇന്ത്യയുടെ മേധാവി മാര്‍ട്ടിന്‍ ഷ്വെങ്ക് അറിയിച്ചു. 

മേബാക്ക് സ്‌റ്റൈലില്‍ ഒരുങ്ങിയിട്ടുള്ള ക്രോമിയം ഗ്രില്ലാണ് മുഖഭാവത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിന് മാറ്റ് കൂട്ടി എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും നല്‍കിയിട്ടുണ്ട്. വലിയ എയര്‍ കര്‍ട്ടണുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ മുന്‍വശത്തെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നുണ്ട്. ബമ്പറില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്‌കിഡ് പ്ലേറ്റ് മുന്‍വശത്തിന് കൂടുതല്‍ ആഡംബര ഭാവം നല്‍കുന്നുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. 4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഇത് എത്തുന്നുണ്ട്. സ്ലൈഡ് ചെയ്യാനും ടില്‍റ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സണ്‍റൂഫ്, ആള്‍ട്ര കംഫോര്‍ട്ടബിള്‍ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ്‌ സീറ്റുകള്‍, പീന്‍ സീറ്റ് യാത്രക്കാര്‍ക്കാര്‍ ഡിസ്പ്ലേ സ്‌ക്രീനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 

4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും.

Content Highlights: The First Batch Of Mercedes-Maybach GLS 600 Sold Out