ലോകത്തിലെ തന്നെ ഏറ്റവും കരുത്തരായ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല 2021-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ടെസ്‌ലയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനൊപ്പം എല്ലാം സഹകരണവും കേന്ദ്ര ഗതാഗത മന്ത്രാലയവും ഉറപ്പുനല്‍കിയിരുന്നു. ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിന്റെ പ്രാഥമിക ചുവടുവയ്പ്പായി ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യ എനര്‍ജി എന്ന സ്ഥാപനം ബെംഗളൂരുവില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടെസ്‌ലയുടെ പ്രധാന കേന്ദ്രം ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ ഒരുക്കുമെന്നാണ് സൂചന. മുംബൈയിലെ വോര്‍ളി മേഖലയിലായിരിക്കും ടെസ്‌ലയുടെ ഓഫീസ് ഒരുങ്ങുകയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസായിരിക്കും മുംബൈയില്‍ ഒരുങ്ങുക. അതേസമയം, നിര്‍മാണ പ്ലാന്റ് ബെംഗളൂരു ആസ്ഥാനമായി തന്നെ നിര്‍മിച്ചേക്കുമെന്നും സൂചനയുണ്ട്.

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ടെസ്‌ല ജീവനക്കാരെ നിയമിച്ച്‌ തുടങ്ങിയിട്ടുണ്ട്. ടെസ്‌ല ഇന്ത്യയുടെ ബിസിനസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് പോളിസി വിഭാഗം മേധാവിയായി മനൂജ് ഖുറാനയും സൂപ്പര്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനും മറ്റും മേധാവിത്വം വഹിക്കുന്നതിനായി നിഷാന്ത് പ്രസാദിനെയും നിയമിച്ചു. അദ്ദേഹം മുമ്പ് ആഥര്‍ എനര്‍ജിക്കൊപ്പമായിരുന്നു. ഇരുവരും ബെംഗളൂരു ഐ.ഐ.എമ്മിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. 

ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി അടുത്തിടെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഒരു സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിനുപുറമെ, മറ്റ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളും കൂടുതല്‍ മികച്ച മോഡലുകള്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക്‌ വലിയ പ്രോത്സാഹനമാണ് രാജ്യം നല്‍കുന്നത്. 

ടെസ്‌ലയുടെ മികച്ച വാഹനങ്ങളില്‍ ഒന്നായ മോഡല്‍ 3 ആയിരിക്കും ഇന്ത്യയില്‍ ആദ്യമെത്തിക്കുകയെന്നാണ് സൂചന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനമാണ് മോഡല്‍ 3. 60 കിലോവാട്ട് ഹൈ പവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് വിദേശ നിരത്തുകളില്‍ ടെസ്‌ല ഇറക്കിയിട്ടുള്ള മോഡല്‍ 3-യില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വാഹനത്തിന്റെ വില, മറ്റു ഫീച്ചറുകളെല്ലാം അവതരണ വേളയില്‍ അറിയിക്കും.

Source: The Economic Times 

Content Highlights: Tesla Will Set Up Its India Headquarters In Mumbai- Report