ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ആദ്യ പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു. സൈബര്‍ ട്രക്ക് എന്ന പേരിലുള്ള പിക്കപ്പ് ട്രക്കിന് 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് (28.63-50.16 ലക്ഷം രൂപ) വില. ഒറ്റചാര്‍ജില്‍ 500 മൈല്‍ (804 കിലോമീറ്റര്‍) ദൂരം സഞ്ചരിക്കാന്‍ സൈബര്‍ട്രക്കിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനും പിക്കപ്പ് ട്രക്കിന് സാധിക്കും.

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആദ്യ പിക്കപ്പ് ട്രക്ക് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചത്. പതിവ് പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്‌ല ട്രക്കിന്റെ ഹൈലൈറ്റ്. ഭാവി കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. പിന്നിലെ വലിയ ലഗേജ് സ്‌പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. എല്ലാതരത്തിലും സുരക്ഷ സുശക്തമാണെന്നും കമ്പനി ഉറപ്പുപറയുന്നു. അമേരിക്കയില്‍ 2021ഓടെ ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ നിര്‍മാണം ആരംഭിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

500 മൈല്‍ റേഞ്ചിന് പുറമേ 250 മൈല്‍, 300 മൈല്‍ റേഞ്ചുള്ള രണ്ട് പതിപ്പുകള്‍കൂടി സൈബര്‍ട്രക്കിനുണ്ട്. ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്. 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ബേസ് മോഡലിന് സാധിക്കും. 300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയാണ് ഇതിനുള്ളത്. 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും ടെസ്‌ല വ്യക്തമാക്കിയിട്ടില്ല. അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം. 6.5 ഫീറ്റ് നീളമാണ് വാഹനത്തിലുള്ളത്. ആകെ ആറ് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സൈബര്‍ട്രക്ക് നിരത്തിലെത്തുകയുള്ളുവെങ്കിലും ഇലക്ട്രിക് പിക്കപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍തന്നെ വാഹനം പ്രീബുക്ക് ചെയ്യാമെന്നും അവതരണ വേളയില്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights; tesla unveils first electric pickup truck, cybertruck, tesla pickup truck