ലക്ട്രിക് വാഹന നിര്‍മാണ രംഗത്തെ അവസാന വാക്കാണ് അമേരിക്കന്‍ കമ്പനിയായ ടെസ്‌ല. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ പോലുള്ളവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ലോകത്താകമാനം ആശങ്ക ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്ല. 

വൈദ്യുതോര്‍ജത്തിലോടുന്ന കാറുകള്‍ എന്നതിലുപരി ലോകത്തില്‍ തന്നെ ഏറ്റവും ശക്തമായ സുരക്ഷ ഉറപ്പ് നല്‍കുന്ന കാര്‍ എന്ന ബഹുമതിയും ടെസ്‌ലക്കൊപ്പമാണ്. ഇത്തരത്തില്‍ നിരവധി അംഗീകരം സ്വന്തമാക്കിയിട്ടുള്ള ടെസ്‌ലയാണ് 2019-ല്‍ ഇന്ത്യയില്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ളത്. 

ഇന്ത്യക്ക് പുറമെ ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ടെസ്‌ലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. 2019-ഓടെ ഇന്ത്യയില്‍ എത്തുമെന്ന് മുമ്പും ടെസ്‌ല പ്രഖ്യാപിച്ചിരുന്നു. ചില നിയമ തടസങ്ങളെ തുടര്‍ന്നാണ് വരവ് നീണ്ടുപോയത്. എന്നാല്‍, അതെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

ഇലക്ട്രിക് സെഡാനുകള്‍, റോഡ്സ്റ്ററുകള്‍, എസ്.യു.വി.കള്‍ എന്നിവയൊക്കെ ടെസ്ല ഇന്ത്യയിലെത്തിക്കുമെന്ന് സി.ഇ.ഒ. എലോണ്‍ മസ്‌ക് ഉറപ്പുതന്നിട്ടുള്ളതാണ്. എന്നാല്‍, ടെസ്‌ല കാറുകളുടെ വില ഇന്ത്യക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള മോഡല്‍ 3 ഇലക്ട്രിക് കാര്‍ ആയിരിക്കും ഇന്ത്യക്കാര്‍ക്കായി ആദ്യം എത്തിക്കുക. ഏകദേശം 23 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില. 

ഒറ്റ ചാര്‍ജിങ്ങില്‍ 346 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ളമോഡല്‍ 3 വെറും ആറ് സെക്കന്‍ഡില്‍ 60 മൈല്‍ ദൂരം കൈവരിക്കും.