ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സാങ്കേതികവിദ്യക്കെതിരേ നിരവധി വിമര്‍ശനങ്ങളാണ് പലപ്പോഴായി ഉയര്‍ന്ന് വന്നിട്ടുള്ളത്. ഓട്ടോപൈലറ്റ് മോഡില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടമുണ്ടാക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ഓട്ടോപൈലറ്റ് സാങ്കേതികവിദ്യയിലെ പോരായ്മ ചൂണ്ടിക്കാട്ടി ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത് അമേരിക്കയിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥരാണ്.

അമിതമായി മദ്യപിച്ച് ടെസ്‌ലയുടെ മോഡല്‍ X എന്ന വാഹനം ഓട്ടോപൈലറ്റ് മോഡില്‍ ഓടിച്ചുണ്ടായ അപകടത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് എതിരേ കേസെടുത്തിരിക്കുന്നത്. അമേരിക്കയിലെ ടെക്‌സസിലാണ് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ടെസ്‌ലയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ, കാറിന്റെ ഡ്രൈവറിന് അമിതമായി മദ്യം നല്‍കിയതിന് ഹോട്ടല്‍ ഉടമയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

2021 ഫെബ്രുവരി 27-നാണ് സംഭവം. ടെക്‌സസിലെ ഈസ്റ്റെക്‌സ് ഫ്രീവേയില്‍ ട്രാഫിക് നിയന്ത്രണത്തിലുണ്ടായിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയാണ് ടെസ്‌ലയുടെ മോഡല്‍ X ഇടിച്ചിട്ടത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും ഇതിനൊപ്പം വാഹനം ഓട്ടോപൈലറ്റ് മോഡില്‍ ആയിരുന്നെന്നുമാണ് പോലീസ് ആരോപിക്കുന്നത്. അപകടത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

ടെസ്‌ല ഒരുക്കിയിട്ടുള്ള സുരക്ഷ സംവിധാനമായാണ് ഓട്ടോപൈലറ്റ് സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, എമര്‍ജന്‍സി വാഹനങ്ങള്‍ തിരിച്ചറിയുന്നതില്‍ ഓട്ടോപൈലറ്റ് സംവിധാനം പരാജയമാണെന്നാണ് പോലീസിന്റെ വിമര്‍ശനം. എന്നാല്‍, ഓട്ടോപൈലറ്റ് മോഡിലും ഡ്രൈവറിന്റെ കൈ സ്റ്റിയറിങ്ങില്‍ വേണമെന്നാണ് ടെസ്‌ല നിര്‍ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അപകടം ടെസ്‌ലയുടെ സംവിധാനത്തിന്റെ വീഴ്ചയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും വിലയിരുത്തലുണ്ട്.

ഡ്രൈവറിന് അമിതമായി മദ്യം നല്‍കിയതിനാണ് ഹോട്ടലിനെതിരേ കേസെടുത്തിരിക്കുന്നത്. അപകടമുണ്ടായ സമയം ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഓട്ടോപൈലറ്റ് മോഡല്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള എല്ലാ അപകടങ്ങളും അന്വേഷിക്കണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഹോട്ടല്‍ ഉടമയില്‍ നിന്നും ടെസ്‌ലയില്‍ നിന്നുമായി 20 മില്ല്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Source: Car and Bike

Content Highlights: Tesla Sued By Injured Cops After Model X On AutoPilot Crashed