മേരിക്കല്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ നിര്‍മാണം ഇനി ചൈനയിലും. കഴിഞ്ഞ ദിവസമാണ് ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ കാറുകള്‍ ചൈനയില്‍ നിര്‍മിക്കാനുള്ള അനുമതി കമ്പനിക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. 

ചൈനയിലെ ഷാങ്ഹായിലാണ് ടെസ്‌ലയുടെ നിര്‍മാണ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ വാഹന നിര്‍മാണ ഫാക്ടറിക്കും മറ്റുമായി ടെസ്‌ല ഇതിനോടകം 200 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 

ഈ വര്‍ഷം അവസാനത്തോടെ ഷാങ്ഹായ് ഫാക്ടറിയില്‍ നിന്നും ഓരോ ആഴ്ചയിലും കുറഞ്ഞത് 3,000 'മോഡല്‍ 3' കാറുകള്‍ നിര്‍മിക്കാനാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്. 2020 ജൂണ്‍ 30-നുള്ളില്‍ ആഗോള തലത്തില്‍ അഞ്ച് ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടെസ്‌ല ജിഗാഫാക്ടറി എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മാണ പ്ലാന്റിന് 121 ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമാണുള്ളത്. ഏകദേശം 214 ഏക്കര്‍ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ഇവിടെ നിന്നുള്ള വാഹനങ്ങളുടെ നിര്‍മാണം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തുടങ്ങാന്‍ കഴിയുമെന്നാണ് ടെസ്‌ല അറിയിച്ചത്. പ്രഥമിക ഘട്ടത്തില്‍ ആഴ്ചയില്‍  3000 വാഹനമാണ് നിര്‍മിക്കുന്നതെങ്കില്‍ ഭാവിയില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം വാഹനം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ ഉത്പാദനം കാര്യക്ഷമമാകുന്നതോടെ കുറഞ്ഞ വിലയുള്ള കാറുകളും നിര്‍മിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ അതീവ സുരക്ഷ സംവിധാനങ്ങളോടെ എത്തുന്ന ഈ ഇലക്ട്രിക് കാറുകള്‍ക്ക് കോടികളാണ് വില.

Content Highlights: Tesla Starts Its Production Plant In China