ലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ല ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങി. ചൈനയിലെ ജിഗാ ഫാക്ടറിയില്‍ നിര്‍മിച്ച ടെസ്‌ല മോഡല്‍-3 യുടെ 15 വാഹനം സ്വന്തം ജീവനക്കാര്‍ക്ക് സമ്മാനിച്ചാണ് ടെസ്‌ല ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ചൈനയില്‍ നിന്നുള്ള ടെസ്‌ല മോഡല്‍-3 വാഹനങ്ങള്‍ ജനുവരി 25-ഓടെ ബുക്ക് ചെയ്ത ഉപയോക്താക്കളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2020-ന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉത്പാദനം ഉയര്‍ത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

അമേരിക്കയില്‍ നിന്നാണ് മുമ്പ് ടെസ്‌ല കാറുകള്‍ ചൈനയില്‍ എത്തിയിരുന്നത്. എന്നാല്‍, നികുതി ഉള്‍പ്പെടെ വലിയ ചിലവാണ് ഇതിനുണ്ടായിരുന്നത്. അതേസമയം, ഇപ്പോള്‍ ചൈനയില്‍ നിര്‍മിക്കുന്ന വാഹനം അവിടുത്തെ വിപണിയില്‍ തന്നെ വില്‍ക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. 

കഴിഞ്ഞ വര്‍ഷമാണ് ചൈനയിലെ ഷാങ്ഹായില്‍ ടെസ്‌ലയുടെ നിര്‍മാണ ഫാക്ടറി ആരംഭിച്ചത്. വാഹന നിര്‍മാണ ഫാക്ടറിക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 200 കോടി ഡോളറാണ് ടെസ്ല ചൈനയില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്. 

ടെസ്‌ല ജിഗാഫാക്ടറി എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മാണ പ്ലാന്റിന് 121 ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമാണുള്ളത്. ഏകദേശം 214 ഏക്കര്‍ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഈ ഫാക്ടറിയില്‍ നിന്നും ഓരോ ആഴ്ചയിലും കുറഞ്ഞത് 3,000 'മോഡല്‍ 3' കാറുകള്‍ നിര്‍മിക്കാനാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്.

Content Highlights: Tesla starts delivering China Made Tesla Model-3