ന്ത്യയില്‍ വൈദ്യുതവാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് ടാറ്റ പവറുമായി സഹകരിക്കുന്നതിന്റെ സാധ്യതകള്‍ തേടി അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ടെസ്‌ല. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ടെസ്‌ലയുടെ മോഡല്‍ 3 ഇലക്ട്രിക് സെഡാന്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. 

കര്‍ണാടകയില്‍ വൈദ്യുത കാര്‍ നിര്‍മാണശാല തുടങ്ങാനും ടെസ്‌ല പദ്ധതിയിട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ചാര്‍ജിങ് സൗകര്യംകൂടി ഉണ്ടാകേണ്ടതുണ്ട്. ഇതിനാണ് ടാറ്റ പവറുമായി ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും സഹകരണത്തില്‍ തീരുമാനമായില്ലെന്നുമാണ് സൂചന. ഇരുകമ്പനികളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.

അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി ടെസ്‌ലയുമായി സഹകരണം പ്രഖ്യാപിച്ചിട്ടില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റയും ടെസ്‌ലയും ഒരുമിക്കുമെന്ന അഭ്യൂഹങ്ങള്‍ ടാറ്റ സണ്‍സ് മേധാവിയാണ് തള്ളിക്കളഞ്ഞത്. 

ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ജഗ്വാര്‍ ലാന്‍ഡ് റോവറിന് വൈദ്യുതവാഹന രംഗത്ത് കൃത്യമായ പദ്ധതികളുണ്ട്. ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്സിന്റെയും ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെയും ഉത്പന്നങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. അതുകൊണ്ട് ഇപ്പോള്‍ പുറത്തുനിന്നുള്ള പങ്കാളികളുടെ സഹകരണം ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ടെസ്‌ല മോട്ടോഴ്സ് ഇന്ത്യ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടെസ്ലയുടെ അനുബന്ധ കമ്പനി ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് ടെസ്‌ലയുടെ നിര്‍മാണ കേന്ദ്രം സൗത്ത് ഇന്ത്യയില്‍ എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. 

ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ നിര ഇന്ത്യക്കായി ഒരുക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്സ്. നിലവില്‍ ടാറ്റ ടിഗോര്‍ ഇ.വി, നെക്സോണ്‍ ഇ.വി. എന്നീ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ടാറ്റയുടെ അനുബന്ധ കമ്പനിയായ ജഗ്വാറിന്റെ ഐ-പേസ് ഇലക്ട്രിക്കും ഉടന്‍ നിരത്തുകളില്‍ എത്തും.

Content Highlights: Tesla Seeks Association with Tata Power To Establish Charging Stations For EV