ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ടെസ്‌ലയുടെ നിര്‍മാണ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. എന്നാല്‍, ഇത്തവണ ഈ പ്ലാന്റില്‍ നിര്‍മിക്കുന്നത് കാറുകള്‍ ആയിരിക്കില്ല, കൊറോണ ബാധിതരായ ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള വെന്റിലേറ്ററുകളായിരിക്കും.

ടെസ്‌ലയുടെ ന്യൂയോര്‍ക്കിലുള്ള ജിഗാ ഫാക്ടറിയാണ് തുറക്കുന്നത്. ന്യൂയോര്‍ക്കിലെ ജിഗാ ഫാക്ടറി വീണ്ടും തുറക്കുകയാണ്. ജീവനക്കാര്‍ക്ക് നിര്‍മിക്കാന്‍ കഴിയുന്നതിന്റെ പരമാവധി വെന്റിലേറ്ററുകള്‍ ഇവിടെ നിര്‍മിക്കും. അമേരിക്കയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. 

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയാണ് വെന്റിലേറ്റര്‍ നിര്‍മാണത്തിന് സന്നദ്ധതയറിയിച്ച് ആദ്യം രംഗത്തെത്തിയത്. ഇതിനുപിന്നിലെ അമേരിക്കയിലെ തന്നെ വാഹന നിര്‍മാണ കമ്പനികളായ ജനറല്‍ മോട്ടോഴ്‌സും ഫോര്‍ഡും ഇക്കാര്യത്തിന് ഒരുക്കമാണെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

അമേരിക്കയിലെ തന്നെ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വെന്റാക്കുമായി ചേര്‍ന്നാണ് ജനറല്‍ മോട്ടോഴ്‌സ് വെന്റിലേറ്റര്‍ നിര്‍മിക്കുന്നത്. രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകലാണ് ഇരുകമ്പനികളും നിര്‍മിക്കുക. ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്‍ഡ്യാനയിലെ കൊക്കോമോ പ്ലാന്റിലായിരിക്കും വെന്റിലേറ്റര്‍ നിര്‍മിക്കുകയെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

അതേസമയം, അമേരിക്കയില്‍ ജിഇ ഹെല്‍ത്ത് കെയറിന്റെ സഹായത്തോടെയായിരിക്കും ഫോര്‍ഡ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. ഇതിനുപുറമെ, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള വെന്റിലേറ്റര്‍ നിര്‍മാണത്തിനും ഫോര്‍ഡ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Tesla Plant Open For Making Ventilators