ലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം 2021-ല്‍ ഉണ്ടായിരിക്കുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് ഒരിക്കല്‍ കൂടി അടിവരയിട്ട് ടെസ്‌ലയുടെ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചു. ടെസ്‌ല ആദ്യം ഇന്ത്യയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ള മോഡല്‍3 വാഹനമാണ് പൂനെയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്.

ഫാറ്റ് ബൈക്കര്‍ എന്ന യൂട്യൂബ് ചാനലിന്റെ ക്യാമറയിലാണ് പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ടെസ്‌ല മോഡല്‍ കുടുങ്ങിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ താത്കാലിക നമ്പറുമായാണ് ഈ വാഹനം നിരത്തുകളില്‍ ഇറങ്ങിയിരിക്കുന്നത്. മോഡല്‍3-യുടെ ഏത് വേരിയന്റാണ് ഇന്ത്യയില്‍ എത്തുകയെന്ന കാര്യം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. വരും മാസങ്ങളില്‍ ടെസ്‌ല ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ചേക്കും.

ആദ്യഘട്ടത്തില്‍ ചൈനയില്‍ നിര്‍മാണമിക്കുന്ന വാഹനമായിരിക്കും ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് വിവരം. ഈ വാഹനത്തിന് എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടെ 60 ലക്ഷത്തോളം രൂപയായിരിക്കും ഇന്ത്യയിലെ ഏകദേശ വില. ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചാല്‍ ടെസ്‌ലയുടെ വാഹനം ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്നും ഇത് വിലയില്‍ കാര്യമായ മാറ്റം വരുത്തുമെന്നുമാണ് വിലയിരുത്തലുകള്‍.

ടെസ്‌ലയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഡലാണ് മോഡല്‍3. സുരക്ഷയ്ക്കും സ്‌റ്റൈലിനുമൊപ്പം ഉയര്‍ന്ന റേഞ്ചും നല്‍കുന്നതാണ് ഈ വാഹനത്തെ ജനപ്രിയമാക്കുന്നത്. നിലവില്‍ ടെസ്‌ല അവതരിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് പുറമെ, കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യന്‍ വിപണിക്കായി ടെസ്‌ല ഒരുക്കിയേക്കുമെന്നും സൂചനകളുണ്ട്. വിദേശ നിരത്തുകളില്‍ ടെസ്‌ല എത്തിച്ചിട്ടുള്ള മോഡല്‍3-യുടെ അടിസ്ഥാന വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 423 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് വെറും 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ റേഞ്ച് കൂടുന്നുണ്ട്.
Content Highlights: Tesla Model3 Electrc Vehicle Spied On Test Running In Mumbai