ഗോള തലത്തില്‍ തന്നെ സുരക്ഷയ്ക്ക് കേളികേട്ട വാഹനങ്ങളാണ് ടെസ്‌ലയില്‍ നിന്ന് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണിട്ട് പോലും കാര്യമായ കേടുപാട് സംഭവിക്കാത്ത ടെസ്‌ല കാറുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുമുണ്ട്. എന്നാല്‍, വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഓടിക്കൊണ്ടിരുന്ന ടെസ്‌ല എസ് പ്ലെയ്ഡ് കാറിന് തീപ്പിടിച്ചതാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡ് അവതരിപ്പിച്ചത്. തുടര്‍ന്ന് അപകടത്തിന് മൂന്ന് ദിവസം മുമ്പാണ് 129900 ഡോളര്‍ നല്‍കി (എകദേശം 97 ലക്ഷം രൂപ) വാഹനത്തിന്റെ ഉടമ ഈ മോഡല്‍ സ്വന്തമാക്കിയത്. അദ്ദേഹം വാഹനം ഓടിച്ച് കൊണ്ടിരിക്കുമ്പോഴാണ് അപകടം. ഭാഗ്യകൊണ്ട് ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഉടമ.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിര്‍ത്തുകയും വാഹന ഉടമ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഇലക്ട്രോണിക് ഡോര്‍ സിസ്റ്റം തകരാറിലാകുകയായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് അദ്ദേഹം വാഹനത്തില്‍ നിന്ന് പുറത്തുകടന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട് വൈകാതെ തന്നെ തീപ്പിടിച്ചെന്നാണ് വിവരങ്ങള്‍. 

ലോകത്തില്‍ തന്നെ ഏറ്റവും വേഗതയെടുക്കാന്‍ കഴിയുന്ന വാഹനം എന്ന വിശേഷണത്തോടെയാണ് ഇലോണ്‍ മസ്‌ക് മോഡല്‍ എസ് പ്ലെയ്ഡ് അവതരിപ്പിച്ചത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 627 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്താണ് ഈ വാഹനം എത്തിയിട്ടുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 1.99 സെക്കന്റ് സമയമാണെടുക്കുന്നത്. 321 കിലോമീറ്ററാണ് പരമാവധി വേഗത.

Source: Reuters

Content Highlights: Tesla Model S Plaid Electric Super Car Worth Rupees 97 Lakhs Caught Fire