ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന്റെ ഉപയോഗത്തിനായി അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല സമ്മാനിച്ചിരുന്ന വാഹനം ലേലത്തില്‍ വയ്ക്കുന്നു. ടെസ്‌ലയുടെ മോഡല്‍ എസ് എന്ന വാഹനമാണ് കഴിഞ്ഞ ആറ് മാസമായി ചാള്‍സ് രാജകുമാരന്‍ ഉപയോഗിച്ച് വന്നിരുന്നത്. 2021-ല്‍ നിര്‍മിച്ച ഈ വാഹനം ഇതിനോടകം 11265 കിലോമീറ്ററാണ് സഞ്ചരിച്ചിട്ടുള്ളത്. 

ടെസ്‌ല മോഡല്‍ എസ് വാഹനത്തിന്റെ കാര്യക്ഷമത അനുഭവിച്ച് അറിയുന്നതിനായാണ് ടെസ്‌ല അദ്ദേഹത്തിന് ഈ കാര്‍ ഉപയോഗിക്കാന്‍ നല്‍കിയത്. എന്നാല്‍, ഈ വാഹനത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ട അദ്ദേഹം മുമ്പ് തീരുമാനിച്ചതിലും അധിക കാലം ഈ വാഹനം ഉപയോഗിക്കുകയായിരുന്നെന്നാണ് സൂചന. ടെസ്‌ല മോഡല്‍ എസിന് പുറമെ, ജാഗ്വാറിന്റെ ഇലക്ട്രിക്ക് മോഡലായ ഐ-പേസും അദ്ദേഹത്തിന്റെ പക്കലുണ്ട്.

അതേസമയം, രാജകുമാരന്‍ ഉപയോഗിച്ച വാഹനമെന്നതിന്റെ പേരില്‍ അധിക നിരക്കുകള്‍ ഈടാക്കാതെ ആയിരിക്കും ഈ വാഹനം ടെസ്‌ല ലേലത്തിന് എത്തിക്കുകയെന്നാണ് വിവരം. 82,500 പൗണ്ടാണ് (ഏകദേശം 85 ലക്ഷം രൂപ) ബ്രിട്ടണില്‍ ഈ വാഹനത്തിന് നിര്‍മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ള വില. ഈ വിലയില്‍ തന്നെയായിരിക്കും രാജകുടുംബം ഉപയോഗിച്ച ഈ വാഹനം ലേലത്തിന് എത്തിക്കുകയെന്നും സൂചനയുണ്ട്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടണിലെ വിപണിയില്‍ ഈ വാഹനം എത്തുന്നതിന് ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ചാള്‍സ് രാജകുമാരന്‍ ഉപയോഗിച്ച ടെസ്‌ല മോഡല്‍-എസ് സ്വന്തമാക്കാന്‍ നിരവധി ആളുകള്‍ മുന്നിലേക്ക് വരുമെന്നും നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. 

ടെസ്‌ലയുടെ ഇലക്ട്രിക് വാഹന നിരയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് മോഡല്‍-എസ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 651 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 249 കിലോമീറ്ററുള്ള ഈ ഇലക്ട്രിക് കരുത്തന് കേവലം 3.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.

Content Highlights: Tesla Model-S Electric Car Used By Prince Charles Goes On Auction