ലക്ട്രിക് വാഹനരംഗത്തെ ആഗോള ഭീമന്‍മാരായ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി ടെസ്‌ല നിരയില്‍ അവതരിക്കുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറാണ് മോഡല്‍ 3. മാസങ്ങള്‍ക്ക് മുമ്പെ ബുക്കിങ് ആരംഭിച്ച മോഡല്‍ 3 ഈ മാസം അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒടുവിലിപ്പോള്‍ ഇലക്ട്രിക് വാഹന രംഗത്ത്‌ വിപ്ലവം കുറിക്കാനെത്തുന്ന മോഡല്‍ 3-യുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടു. ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്‌ തന്റെ ട്വിറ്റര്‍ വഴിയാണ് മോഡല്‍ 3 എക്‌സ്റ്റീരിയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

Tesla Model 3

ബുക്ക് ചെയ്ത 30 പേര്‍ക്ക് ഈ മാസം 28-നാണ് മോഡല്‍ 3 കൈമാറുക. ആഗസ്‌തോടെ 100 യൂണിറ്റും സെപ്തംബറോടെ 1500 യൂണിറ്റുകളും വര്‍ഷാവസാനത്തോടെ ഇരുപതിനായിരം യൂണിറ്റുകളും വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ നാല് ലക്ഷത്തിലേറെ ബുക്കിങുകള്‍ പുതിയ മോഡലിന് ലഭിച്ചിട്ടുണ്ടെന്ന് ടെസ്‌ല വ്യക്തമാക്കിയിരുന്നു. രൂപത്തിലും ബാറ്ററിയിലും മോട്ടോര്‍ സംവിധാനത്തിലും മാറ്റങ്ങളോടെയാണ് പുതിയ അതിഥിയുടെ വരവ്. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ മോഡല്‍ എക്‌സില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സെഡാന്റെ കൂപ്പെ രൂപത്തിലുള്ള റിയര്‍ ഡിസൈന്‍. 

Tesla Model 3

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മോഡല്‍ 3-ക്ക് സാധിക്കും. 60kw ഹവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ്‌ വാഹനത്തെ മുന്നോട്ട് നയിക്കുക. റിയര്‍ വീല്‍ ഡ്രൈവ്, ആള്‍ വീല്‍ ഡ്രൈവ് എന്നീ ഡ്രൈവ് മോഡുകളില്‍ വാഹനം ലഭ്യമാകും. നാല് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 97 കിലോമീറ്റര്‍ വേഗത കൈവരിക്കാം. അടുത്ത വര്‍ഷത്തോടെ മോഡല്‍ 3 ഇന്ത്യയിലെത്താനാണ് സാധ്യത. നിലവില്‍ സമ്പൂര്‍ണ ഇലക്ട്രിക് ഗണത്തില്‍ മഹീന്ദ്ര ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഇവിടെയുള്ളത്. അതേസമയം പുര്‍ണമായും ഇറക്കുമതി ചെയ്യുന്ന മോഡല്‍ 3-യുടെ ഉയര്‍ന്ന വില വിപണിയില്‍ ടെസ്‌ലയ്ക്ക് തിരിച്ചടിയായേക്കും.

ഏകദേശം 35 ലക്ഷത്തിനുള്ളിലാകും ഇന്ത്യയില്‍ ഇവന്റെ വിപണി വില. സ്റ്റീല്‍-അലൂമിനിയം മെറ്റീരിയല്‍ ഉപയോഗിച്ചുള്ള നിര്‍മാണമാണ് ഇലക്ട്രിക് ഗണത്തില്‍ കുറഞ്ഞ വിലയില്‍ അവതരിക്കാന്‍ മോഡല്‍ 3-യെ സഹായിച്ചത്. കൃത്യമായ വിപണി വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുറംമോഡിയില്‍ മോഡല്‍ എസുമായി ഇവന് ചെറുതല്ലാത്ത സാമ്യമുണ്ട്. 4694 എംഎം നീളവും 1885 എംഎം വീതിയും 1435 എംഎം ഉയരവും 2870 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 15 ഇഞ്ച് ലാന്‍ഡ്‌സ്‌കേപ്പ് ടച്ച്‌സ്‌ക്രീന്‍ അകത്തളത്തില്‍ സ്ഥാനം പിടിക്കും. പനോരമിക് സണ്‍റൂഫ്, സ്‌പോര്‍ട്ടി അലോയി വീല്‍, എല്‍എഡി ടെയില്‍ ലാംമ്പ്, എന്നിവ സെഡാന് കരുത്തന്‍ പരിവേഷം നല്‍കും.