റക്കുമതി തീരുവയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും ഇന്ത്യന്‍ നിരത്തുകളില്‍ തിരക്കിട്ട പരീക്ഷണയോട്ടത്തിലാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല. ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്‌ല ആദ്യമെത്തിക്കുമെന്ന് സൂചന നല്‍കിയിട്ടുള്ള മോഡല്‍ 3 വാഹനമാണ് മൂടിക്കെട്ടലുകളുമായി മുംബൈയില്‍ പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്ര താത്കാലിക രജിസ്‌ട്രേഷനിലുള്ള വാഹനമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. 

അതേസമയം, ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം മോഡല്‍ 3 ആയിരിക്കുമെന്ന് ടെസ്‌ലയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളുടെയും മറ്റും സൂചനയിലാണ് ഈ അഭ്യൂഹം ഉയര്‍ന്നിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കില്ലെന്നും ചൈനയിലെ ജിഗാഫാക്ടറിയില്‍ നിന്ന് ഇറക്കുമതി ചെയ്തായിരിക്കും വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദേശത്ത് നിന്ന് വാഹനം ഇറക്കുമതി ചെയ്യുന്നതിനാല്‍ തന്നെ 100 ശതമാനം തീരുവയും ഈടാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായേക്കും. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇടാക്കുന്ന തീരുവ പല വന്‍കിട രാജ്യങ്ങളേക്കാള്‍ കൂടുതലാണെന്ന് അടുത്തിടെ ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് വിമര്‍ശിച്ചിരുന്നു. ഇതില്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ടെസ്ലയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഡലാണ് മോഡല്‍3. സുരക്ഷയ്ക്കും സ്റ്റൈലിനുമൊപ്പം ഉയര്‍ന്ന റേഞ്ചും നല്‍കുന്നതാണ് ഈ വാഹനത്തെ ജനപ്രിയമാക്കുന്നത്. ടെസ്‌ലയുടെ വാഹനങ്ങള്‍ നികുതി ഇല്ലാതെ തന്നെ വലിയ വില വരുന്നതാണ്. അതുകൊണ്ട് നിലവില്‍ ടെസ്ല അവതരിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് പുറമെ, കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യന്‍ വിപണിക്കായി ടെസ്ല ഒരുക്കിയേക്കുമെന്നും സൂചനകളുണ്ട്. 

വിദേശ നിരത്തുകളില്‍ ടെസ്ല എത്തിച്ചിട്ടുള്ള മോഡല്‍3-യുടെ അടിസ്ഥാന വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 423 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് വെറും 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വാഹനത്തിന്റെ വേരിയന്റുകള്‍ക്ക് അനുസരിച്ച് റേഞ്ചിലും മറ്റും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Source: Thrust Zone

Content Highlights: Tesla Model 3 Electric Car Spied In Mumbai