പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ബദലായി ഇലക്ട്രിക് കാറില്‍ വിപ്ലവം തീര്‍ത്തവരാണ് ടെസ്‌ല. നിര്‍മാണ ചെലവ് വളരെക്കൂടുതലായതില്‍ ഇതുവരെയുള്ള ടെസ്‌ല മോഡലുകളുടെ തൊട്ടാല്‍പൊള്ളുന്ന വില വലിയ തോതില്‍ വിപണി പിടിക്കാനുള്ള ടെസ്‌ലയുടെ മോഹം യാഥാര്‍ഥ്യമാക്കിയില്ല. ഇതിന് കമ്പനി കണ്ടെത്തിയ പരിഹാരമാണ് മോഡല്‍ 3. പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടു, ഒടുവില്‍ ആദ്യ ബാച്ച് മോഡല്‍ 3 ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക്‌ കൈമാറി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്‌ലയിലെ ജോലിക്കാരായ 30 പേര്‍ക്കാണ് ആദ്യ 30 മോഡല്‍ 3 കാറുകള്‍ കൈമാറിയത്.

Read More: ഇന്ത്യ കാണാനെത്തുന്ന ടെസ്‌ല മോഡല്‍ 3

രണ്ടു വകഭേദങ്ങളിലാണ് ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ മോഡല്‍ 3 ലഭ്യമാകുക. 35000 ഡോളറാണ് (22.45 ലക്ഷം രൂപ) ബേസ് വേരിയന്റിന്റെ വിപണി വില. ഒറ്റചാര്‍ജില്‍ 350 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇവനാകും. 5.6 സെക്കന്‍ഡിനുള്ളില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ടോപ് സ്‌പെക്ക് മോഡല്‍ 3-ക്ക് 44000 ഡോളറാണ് (28.22 ലക്ഷം രൂപ) വില. ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരമാണ് കമ്പനിയുടെ വാഗ്ദാനം. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് സമയം മതി. ഇതുവരെ 5 ലക്ഷത്തോളം ബുക്കിങ് മോഡല്‍ 3-ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 

Read More: ഇ-കാറില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ടെസ്‌ല

രൂപത്തിലും ബാറ്ററിയിലും മോട്ടോര്‍ സംവിധാനത്തിലും മാറ്റങ്ങളോടെയാണ് പുതിയ അതിഥിയുടെ വരവ്. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ മോഡല്‍ എക്സില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഡല്‍ 3-യുടെ കൂപ്പെ രൂപത്തിലുള്ള റിയര്‍ ഡിസൈന്‍. പുറംമോഡിയില്‍ മോഡല്‍ എസുമായി ഇവന് ചെറുതല്ലാത്ത സാമ്യം മോഡല്‍ 3-ക്കുണ്ട്. 15 ഇഞ്ച് ലാന്‍ഡ്‌സ്‌കേപ്പ് ടച്ച്‌സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, സ്‌പോര്‍ട്ടി അലോയി വീല്‍, എല്‍എഡി ടെയില്‍ ലാംമ്പ്, എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും. സുരക്ഷയ്ക്കും അതീവ പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 

Read More: കുതിക്കാം ഇനി ടെസ്‌ലയുടെ ഇലക്ട്രിക് പവറില്‍

സ്റ്റീല്‍-അലൂമിനിയം മെറ്റീരിയല്‍ ഉപയോഗിച്ചുള്ള നിര്‍മാണമാണ് ഇലക്ട്രിക് ഗണത്തില്‍ കുറഞ്ഞ വിലയില്‍ അവതരിക്കാന്‍ മോഡല്‍ 3-യെ സഹായിച്ചത്. അടുത്ത വര്‍ഷത്തോടെ മോഡല്‍ 3 ഇന്ത്യയിലെത്താനാണ് സാധ്യത. നിലവില്‍ സമ്പൂര്‍ണ ഇലക്ട്രിക് ഗണത്തില്‍ മഹീന്ദ്ര ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഇവിടെയുള്ളത്. അതേസമയം പുര്‍ണമായും ഇറക്കുമതി ചെയ്യുന്ന മോഡല്‍ 3-യുടെ ഉയര്‍ന്ന വില വിപണിയില്‍ ടെസ്ലയ്ക്ക് തിരിച്ചടിയാകും. ഏകദേശം 35 ലക്ഷത്തിനുള്ളിലാകും വിപണി വില. എന്നാല്‍ കാര്യമായ എതിരാളികളുടെ അഭാവം പ്രീമിയം ഇലക്ട്രിക് സെഗ്‌മെന്റില്‍ ടെസ്‌ലയ്ക്ക്‌ ആധിപത്യം നല്‍കും.

Read More: ഇലക്ട്രിക് കാറും സൂപ്പര്‍ഹിറ്റാകുന്നു