ലക്ട്രിക് കാറുകളില്‍ വിപ്ലവകരമായ കുതിപ്പാണ് കുറച്ചു വര്‍ഷങ്ങളായി ഈ ശ്രേണിയിലെ സര്‍വ്വശക്തരായ ടെസ്‌ല സ്വന്തമാക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ഫീച്ചേര്‍സിലെത്തിയ ഇലക്ട്രിക് കാറുകളുടെ തൊട്ടാല്‍പൊള്ളുന്ന വില ചെറിയ തോതിലെങ്കിലും ടെസ്‌ലയുടെ ജനപ്രീതിക്ക് തിരിച്ചടിയേകിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ചരിത്രത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ടെസ്‌ല. ജൂലായ് 28-ന് മോഡല്‍ 3 നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നിലവില്‍ നാല് ലക്ഷത്തോളം ബുക്കിങുകള്‍ പുതിയ മോഡലിന് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മുപ്പത് മോഡല്‍ 3 കാറുകളാണ് ടെസ്‌ല ഉപഭോക്താക്കള്‍ക്കായി നല്‍കുക. സെപ്തംബറോടെ 1500 യൂണിറ്റുകളും വര്‍ഷാവസാനത്തോടെ ഇരുപതിനായിരം യൂണിറ്റുകളും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് സി.ഇ.ഒ എലോണ്‍ മസ്‌ക്‌ പ്രതീക്ഷ പ്രകടിപ്പിച്ചു. ഏകദേശം 23 ലക്ഷം രൂപയാകും മോഡല്‍ 3-യുടെ വിപണി വില. ടെസ്‌ല നേരത്തെ വിപണിയിലെത്തിച്ച മോഡല്‍ എസ്, മോഡല്‍ എക്‌സ് കാറുകളുടെ പകുതി വില പോലുമില്ല ഇവനെന്ന് ചുരുക്കം. 

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മോഡല്‍ 3-ക്ക് സാധിക്കും. 60kw ഹവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്ക് വാഹനത്തെ മുന്നോട്ട് നയിക്കാനാണ് സാധ്യത. മെക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ചുവടുപിടിച്ച് അധികം വൈകാതെ ടെസ്‌ല ഇന്ത്യയിലെക്കെത്തുമെന്ന് സിഇഒ എലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഇതുവരെ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ സമ്പൂര്‍ണ ഇലക്ട്രിക് ഗണത്തില്‍ മഹീന്ദ്ര ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. അതേസമയം ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്ര ഉയര്‍ന്ന വില മേഡല്‍ 3-ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാക്കില്ല. 

Read More: ഇന്ത്യ കാണാനെത്തുന്ന ടെസ്‌ല മോഡല്‍ 3