വൈദ്യുത വാഹന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വിപ്ലവം സൃഷ്ടിച്ച അമേരിക്കന്‍ കമ്പനി ടെസ്ല 2021-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2021 ആദ്യം ഇന്ത്യയില്‍ ടെസ്ല കാറുകളുടെ ബുക്കിങ് തുടങ്ങുകയും ജൂണോടെ ഡെലിവറി ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

'മോഡല്‍ 3' ആയിരിക്കും കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍. തുടക്കത്തില്‍ ഇറക്കുമതി ചെയ്തായിരിക്കും ഇത് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുക. ഏതാണ്ട് 55 ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില. മറ്റു വിപണികളിലേതിനു സമാനമായി കമ്പനി നേരിട്ടുതന്നെയായിരിക്കും ഇന്ത്യയിലും വില്പന നിര്‍വഹിക്കുക.

2021-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് ടെസ്ല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് ഈ വര്‍ഷം ആദ്യം സൂചന നല്‍കിയിരുന്നു. ഇന്ത്യക്ക് ടെസ്ലയെ ആവശ്യമാണെന്ന ഒരു ട്വിറ്റര്‍ സന്ദേശത്തിനു മറുപടിയായി അടുത്ത വര്‍ഷം ഉറപ്പെന്ന് ഇലോണ്‍ മസ്‌ക് കുറിച്ചിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടെസ്ലയും ഇലോണ്‍ മസ്‌കും ശ്രമിച്ചുവരികയായിരുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളില്‍നിന്ന് ഇതിന്റെ ഭാഗമായി 1,000 ഡോളര്‍ വീതം സമാഹരിച്ചിരുന്നു. എന്നാല്‍, അവര്‍ക്ക് ഇനിയും കാര്‍ ലഭിച്ചിട്ടില്ല. അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കായിരിക്കും ആദ്യ പരിഗണന.

ആദ്യ ഘട്ടത്തില്‍ ഇറക്കുമതി ചെയ്താണ് വില്പനയെങ്കിലും പിന്നീട് ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയേക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ നമ്പര്‍ വണ്‍ വാഹന നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടിട്ടുണ്ട്.

Content Highlights: Tesla Enter To India In Early 2021 Says Nitin Gadkari