ന്ത്യയിലേക്ക് വൈദ്യുത കാര്‍ ഇറക്കുമതിചെയ്ത് വില്‍ക്കാനുള്ള ടെസ്ലയുടെ ശ്രമത്തിന് തിരിച്ചടി. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് നികുതിയിളവ് ആവശ്യമാണെങ്കില്‍ ഇവിടെ അസംബ്ലിങ് തുടങ്ങാന്‍ അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാതാക്കളായ ടെസ്ലയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. പൂര്‍ണമായി ഇറക്കുമതിചെയ്ത കാറുകള്‍ക്ക് നികുതിയിളവ് നല്‍കാനാവില്ലെന്ന് കേന്ദ്ര ഘനവ്യവസായമന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്.

രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷം നിക്ഷേപം നടത്തുന്നത് പരിഗണിക്കാമെന്ന ഉറപ്പില്‍ ഇറക്കുമതിത്തീരുവ കുറച്ചുകൊടുക്കാനാവില്ല. ഇത് ഏതാനുംവര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന രാജ്യത്തിന്റെ നയങ്ങള്‍ക്കെതിരാകും. നിലവില്‍ ഇവിടെ ഉത്പാദനം തുടങ്ങിയവരോടുകാണിക്കുന്ന അനീതിയുമാണ്. വിദേശത്തുനിര്‍മിച്ച കിറ്റുകള്‍ ഇറക്കുമതിചെയ്ത് ഇവിടെ അസംബ്ലിങ് തുടങ്ങിയാല്‍ നികുതിയിളവ് നേടാം.

വിപണി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പിന്നീട് ഉത്പാദനം തുടങ്ങിയാല്‍ മതി. ഏതെങ്കിലും ഒരുകമ്പനിക്കുമാത്രമായി ഇറക്കുമതിത്തീരുവ കുറച്ചുനല്‍കാന്‍ കഴിയില്ലെന്നാണ് ഘനവ്യവസായമന്ത്രാലയത്തിന്റെ നിലപാടെന്നാണ് വിവരം. ടെസ്‌ലയ്ക്ക് മാത്രമായി തീരുവയില്‍ ഇളവ് അനുവദിക്കുന്നത് ഇതിനോടകം രാജ്യത്ത് കോടി കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയ വാഹന നിര്‍മാതാക്കള്‍ക്ക് നല്ലോരു സന്ദേശമായിരിക്കില്ല നല്‍കുകയെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യയില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇലോണ്‍ മസ്‌ക് കേന്ദ്ര സര്‍ക്കാരിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 60 മുതല്‍ 100 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. എന്‍ജിന്‍, വില, ഇന്‍ഷുറന്‍സ് തുടങ്ങിയവ മാനദണ്ഡമാക്കിയാണ് ഇത്തരം ഇറക്കുമതി തീരുവ നിശ്ചയിക്കുന്നത്.

അതേസമയം, ടെസ്‌ലയ്ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് അനുവദിക്കുന്നതിനെ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് എതിര്‍ത്തിരുന്നു. ടെസ്‌ലയ്ക്ക് ഇളവ് അനുവദിക്കുന്നത് വൈദ്യുതി വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ഹലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഫെയിം പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ നിലപാട്. ടാറ്റ പാസഞ്ചര്‍ വാഹന വിഭാഗം മേധാവി സുശീല്‍ ചന്ദ്രയാണ് ഈ അഭിപ്രായം ഉന്നയിച്ചത്.

Content Highlights: Tesla Electric Car, Elon Musk, Central Government, Tesla India, Tesla Car Production