ലംബോര്‍ഗിനി അവന്റേറ്റര്, ബുഗാട്ടി വെയ്റോണ്‍ തുടങ്ങി അത്യാഡംബര പട്രോളിങ് വാഹനങ്ങളുള്ള ദുബായ് പോലീസിലേക്ക് ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്ല അടുത്തിടെ പുറത്തിറക്കിയ സൈബര്‍ ട്രക്കുമെത്തുന്നു. 2020-ല്‍ ഈ വാഹനം പട്രോളിങ്ങിനിറങ്ങുമെന്നാണ് വിവരം.
ദുബായ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് പോലീസിന്റെ പട്രോളിങ്ങ് വാഹനങ്ങളുടെ ഡിസൈനിലുള്ള സൈബര്‍ ട്രക്കിന്റെ ചിത്രമുള്‍പ്പെടെയാണ് പോലീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പതിവ് പിക്കപ്പ് ട്രക്കുകളില്‍നിന്ന് മാറി കവചിത വാഹനങ്ങളുടെ രൂപമാണ് സൈബര്‍ ട്രക്കിനുള്ളത്. പിന്നിലെ വലിയ ലഗേജ് സ്പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം. 6.5 ഫീറ്റ് നീളമാണ് വാഹനത്തിലുള്ളത്. ആകെ ആറ് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. എല്‍ഇഡി ഹെഡ്ലാമ്പും, കൂര്‍ത്ത വീല്‍ ആര്‍ച്ചുകളും, പോയിന്റഡ് റൂഫുമാണ് ഡിസൈന്‍ ഹൈലൈറ്റ്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 മൈല്‍ (804) സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ടെസ്ല അവകാശപ്പെടുന്നത്. 500 മൈല്‍ റേഞ്ചിന് പുറമേ 250 മൈല്‍, 300 മൈല്‍ റേഞ്ചുള്ള രണ്ട് പതിപ്പുകള്‍കൂടി സൈബര്‍ട്രക്കിനുണ്ട്.
250 മൈല്റേഞ്ചുള്ള വാഹനം ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ്. 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ഇതിനുകഴിയും. 300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള് വീല്‍ ഡ്രൈവാണ്. 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം.
ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള് വീല്‍ ഡ്രൈവാണുള്ളത്. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും. 39,900 മുതല്‍ 69,900 (28.63-50.16 ലക്ഷം രൂപ) ഡോളര്‍ വരെയാണ് സൈബര്‍ ട്രക്കിന്റെ വില.
Content Highlights: Tesla Cybertruck Will Join Dubai Police Patrol Vehicles