ലോകത്തിലെ തന്നെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയില്‍ നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന ഇലക്ട്രിക് ട്രക്കാണ് സൈബര്‍ ട്രക്ക്. 2019-ല്‍ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ച ഈ വാഹനം ഏറെ വൈകാതെ തന്നെ വിപണികളില്‍ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ. വരവിന് മുമ്പ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള പ്രത്യേകം ഫീച്ചറുകളെ വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്‌ലയുടെ മേധാവി.

ആദ്യം പുറത്തുവിട്ട കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വളരെ നേരിയ ഡിസൈന്‍ മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പ് വരവിനൊരുങ്ങുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡോര്‍ ഹാന്‍ഡില്‍. കണ്‍സെപ്റ്റില്‍ ഇത് നല്‍കിയിരുന്നെങ്കിലും പ്രൊഡക്ഷന്‍ പതിപ്പില്‍ ഇത് ഉണ്ടാവില്ല. സാങ്കേതിക തികവ് മുഖമുദ്രയാക്കി എത്തുന്ന ഈ വാഹനത്തിന്റെ ഡോര്‍ തുറക്കുന്നതും ഹൈടെക്ക് ആയായിരിക്കും.

വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനമാണ് ഇതില്‍ നല്‍കുക. ടെസ്‌ലയുടെ മോഡല്‍ എക്‌സില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിത്. ഉടമയിലെ ഫോണിലെ ടെസ്‌ല ആപ്പില്‍ നല്‍കിയിട്ടുള്ള കീ സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ഫോണ്‍ വാഹനത്തിന് അടുത്ത് എത്തുന്നതോടെ സെന്‍സര്‍ സംവിധാനത്തിന്റെ സഹായത്തോടെ ഡോര്‍ ഓപ്പണ്‍ ആകുമെന്നാണ് സൂചനകള്‍.

സൈബര്‍ ട്രക്കിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇലോണ്‍ മസ്‌ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 810 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, റേഞ്ച് കുറഞ്ഞ മോഡലുകളും എത്തിയേക്കുംെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ സൂചനകള്‍ അനുസരിച്ച് 2020-ന്റെ തുടക്കത്തിലായിരിക്കും സൈബര്‍ ട്രക്ക് വിപണിയിലെത്തുക.

സൈബര്‍ ട്രക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ 810 കിലോമീറ്റര്‍ റേഞ്ച് മോഡലിന് ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനും പിക്കപ്പ് ട്രക്കിന് സാധിക്കും.

Content Highlights: Tesla Cyber Truck, Electric Truck, High Tech Truck,Elon Musk