ലക്ട്രിക് വാഹന രംഗത്തെ വമ്പന്‍മാരായ ടെസ്‌ല ഇന്ത്യയിലെക്കെത്തുമെന്ന് പറഞ്ഞു തുടങ്ങിയിട്ട് നാളെറെയായി. ഈ പല്ലവിക്ക് പുറമേ സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള ടെസ്‌ല ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മോഡല്‍ 3 സെഡാനുള്ള ബുക്കിങും കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. അതേസമയം എപ്പോള്‍ അരങ്ങേറ്റം കുറിക്കുമെന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും കമ്പനി നല്‍കിയിരുന്നില്ല. എന്നാല്‍ ഈ സമ്മറില്‍ തങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. തന്റെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ട്വീറ്റിന് മറുപടിയായാണ് എലോണ്‍ മസ്‌ക് ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മോഡല്‍ 3 വേരിയന്റ് പുറത്തിറക്കുന്ന വേളയില്‍ പ്രൊഡക്ഷന്‍ മോഡല്‍ ആദ്യഘട്ടത്തില്‍ ഇന്ത്യ അടക്കമുള്ള വിപണികളിലെക്കെത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. നിലവില്‍ മഹീന്ദ്ര e20 പ്ലസ്, e-വെരിറ്റോ, വോള്‍വോ XC90, BMW i8 എന്നിവ മാത്രമാണ് ഇലക്ട്രിക് കരുത്തില്‍ ഇന്ത്യന്‍ നിരത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം ആഡംബര വാഹനങ്ങളായതിനാല്‍ സാധാരണക്കാര്‍ക്ക് കൈപിടിയിലൊതുങ്ങുകയും ഇല്ല. ടെസ്‌ലയുടെ വരവോടെ ഇലക്ട്രിക് വാഹന രംഗത്ത് വലിയൊരു കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ വമ്പന്‍ വില കൊടുക്കേണ്ടി വന്നാലും തുടര്‍ന്നങ്ങോട്ട് ബജറ്റ് ഇ-കാറുകള്‍ വ്യാപകമാകാനാണ് സാധ്യത. 

ഇക്കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍ FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് മാനുഫ്രാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍) പദ്ധതി വഴി ഇലക്ട്രിക് വാഹന നിര്‍മാണത്തിനുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം പദ്ധതി വിഹിതം 42 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി കൂടുതല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഇങ്ങോട്ടെത്താനാണ് സാധ്യത. നേരത്തെ 2015 സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്‌ല ആസ്ഥാനത്തെത്തി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്കും വിപണി ശൃംഖല വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ ഇങ്ങോട്ടെത്തുന്ന മോഡല്‍ 3 ഇലക്ട്രിക് കാറിന് ഏകദേശം 23.20 ലക്ഷമായിരിക്കും വിപണി വില.