ടെസ്ല കാർ ഫയർ ഫോഴ്‌സ് ട്രക്കിൽ ഇടിച്ചുണ്ടായ അപകടം | Photo: Twitter/Con Fire PIO
ഇലക്ട്രിക് വാഹനങ്ങളിലെ അതികായൻ, സുരക്ഷയില്‍ വമ്പന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തി കിട്ടിയിട്ടുള്ള വാഹനമാണ് ടെസ്‌ലയുടേത്. എന്നാല്‍, ടെസ്‌ലയ്ക്ക് എല്ലാ കാലത്തും ചീത്തപ്പേര് നല്‍കിയിട്ടുള്ളത് ഏറ്റവും അഡ്വാന്‍സ്ഡ് ഫീച്ചറാണെന്ന് ടെസ്‌ല തന്നെ അവകാശപ്പെടുന്ന ഓട്ടോപൈലറ്റ് സംവിധാനമാണ്. യു.എസില്‍ അടുത്തിടെ ഫയര്‍ ഫോഴ്‌സിന്റെ ട്രക്കിന്റെ പിന്നില്‍ ടെസ്‌ല കാര്‍ ഇടിച്ചുണ്ടായ അപകടത്തിലും ഓട്ടോപൈലറ്റാണ് പ്രതിസ്ഥാനത്തെന്നാണ് സൂചനകള്‍.
ഫെബ്രുവരി 18-ാം തീയതിയാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയ ഈ അപകടമുണ്ടായത്. റോഡപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്നതിനായി പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഫയര്‍ ഫോഴ്‌സിന്റെ ട്രക്കിലാണ് ടെസ്‌ല കാര്‍ ഇടിച്ച് കയറിയത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രക്കിലുണ്ടായിരുന്ന നാലുപേര്‍ക്കും കാര്യമായി പരിക്കേറ്റിരുന്നില്ല.
എന്നാല്‍, ഈ അപകടം നടക്കുന്ന സമയത്ത് ടെസ്‌ല കാര്‍ ഓട്ടോപൈലറ്റ് മോഡിലായിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. അമേരിക്കന്‍ ദേശിയപാത ഗതാഗത സുരക്ഷ വിഭാഗമാണ് ഇക്കാര്യം പരിശോധിക്കുന്നത്. ഇതിനൊപ്പം അപകട സമയത്ത് വാഹനമോടിച്ചിരുന്ന ആള്‍ ലഹരി പദാര്‍ഥം ഉപയോഗിച്ചിരുന്നോയെന്നതും പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിതിയില്‍ വരുന്നുണ്ടെന്നാണ് വിവരം. അപകട കാരണം സംബന്ധിച്ച് അന്തിമ നിഗമത്തില്‍ എത്തിയിട്ടില്ല.
ഡ്രൈവറുടെ സഹായമില്ലാതെ വാഹനം സ്വയം നീയന്ത്രിക്കുന്ന സംവിധാനമായാണ് ടെസ്‌ല ഓട്ടോപൈലറ്റ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ടെസ്‌ലയുടെ മാത്രം സാങ്കേതികവിദ്യയായാണ് ഇത് എത്തിയത്. എന്നാല്‍, ഓട്ടോ പൈലറ്റ് സംവിധാനവുമായി ബന്ധപ്പെട്ട നിരവധി അപകട പരാതികളാണ് കഴിഞ്ഞ നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ടെസ്ലയ്ക്കെതിരെ ക്രിമിനല്‍ അന്വേഷണത്തിന് അമേരിക്കയുടെ നീതിന്യായ വകുപ്പ് മുമ്പ് ഉത്തരവിട്ടിരുന്നു.
ടെസ്ലയുടെ കാറുകള്‍ ഉപയോക്താക്കളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഫീച്ചറുകളിലൊന്നാണ് ഓട്ടോ പൈലറ്റ് സംവിധാനം. എന്നാല്‍, ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ ഉപയോഗത്തിലും വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഡ്രൈവര്‍ ഒരുക്കമായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ടെസ്ല അവകാശപ്പെടുന്നത്. ഓട്ടോ പൈലറ്റ് സംവിധാനത്തിലും ഡ്രൈവറുടെ ശ്രദ്ധ പൂര്‍ണമായും വാഹനത്തില്‍ വേണമെന്ന് ടെസ്ല മുമ്പുതന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോ പൈലറ്റ് സംവിധാനം ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിലുണ്ടായ 16 അപകടങ്ങളാണ് നാഷണല്‍ ഹൈവേ ട്രാഫിക് അഡ്മിനിസ്ട്രേഷന്റെ അന്വേഷണത്തില്‍ ഇരിക്കുന്നത്. ഇതിനുപുറമെ, ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലും ഏതാനും കേസുകള്‍ ടെസ്ല നേരിടുന്നുണ്ട്. തന്റെ വാഹനത്തിന്റെ പ്രചരണത്തിനായി ഉപയോക്താക്കളെ തെറ്റിധരിപ്പിച്ചെന്ന ആരോപണമാണ് ടെസ്ലയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് പലപ്പോഴായി നേരിട്ടിട്ടുള്ളത്.
Content Highlights: Tesla car hits into firetruck, Authority suspect the tesla autopilot technology, tesla cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..