ര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് പോലുള്ള സാങ്കേതിക മികവുകളുടെ അടിസ്ഥാനത്തിലാണ് പുതുതലമുറ വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നത്. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളില്‍. ഈ സംവിധാനങ്ങള്‍ അശ്രദ്ധമായി ഡ്രൈവ് ചെയ്യാനല്ല, മറിച്ച് ഡ്രൈവിങ്ങിന്റെ ആയാസം കുറയ്ക്കുന്നതിനാണ്. വാഹനത്തിലൊരുക്കിയ സൗകര്യം വിനയായ സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത അപകടം.

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിത വാഹനമായ ടെസ്‌ല കാറാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ പൈലറ്റ് സംവിധാനമാണ് ടെസ്‌ലയുടെ ഹൈലൈറ്റ്. ഓട്ടോ പൈലറ്റ് മോഡല്‍ വാഹനം ഓടി തുടങ്ങിയതോടെ ഡ്രൈവര്‍ വാഹനത്തില്‍ ശ്രദ്ധിക്കാതെ സിനിമ കാണാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

നോര്‍ത്ത് കരോലിനയിലാണ് സംഭവം. ടെസ്‌ലയുടെ മോഡല്‍ എസ് കാറാണ് അപകടമുണ്ടാക്കിയത്. റോഡിലുണ്ടായ മറ്റൊരു അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കാനായി പോലീസ് വാഹനം ഫഌഷ് ലൈറ്റിട്ട് റോഡില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഓട്ടോ പൈറ്റ് മോഡിലായതിനാല്‍ ടെസ്‌ലയുടെ ഡ്രൈവര്‍ നിരത്തിലേക്ക് ശ്രദ്ധിച്ചിരുന്നില്ല. ഈ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്. 

അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, രണ്ട് വാഹനങ്ങള്‍ക്കും കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. ഓട്ടോ പൈലറ്റ് മോഡിലുള്ള ഡ്രൈവിങ്ങിനെ തുടര്‍ന്ന് ഇത് ആദ്യമായല്ല അപകടമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയിലും 2017-ല്‍ ടെസ്‌ല ട്രെക്കില്‍ ഇടിച്ചും അപകടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

ടെസ്‌ലയുടെ വാഹനങ്ങളിലെ അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഓട്ടോപൈലറ്റ്. ഈ സംവിധാനത്തില്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങും ആക്‌സിലറേറ്റും ബ്രേക്കും ഓട്ടോമാറ്റിക് ആയി നിയന്ത്രിക്കപ്പെടും. എന്നാല്‍, ഈ സംവിധാനത്തില്‍ എന്തെങ്കിലും പിഴവുണ്ടായാല്‍ നിയന്ത്രിക്കാനുള്ള ബാധ്യത വാഹനത്തിലെ ഡ്രൈവര്‍ക്കുണ്ട്.

Source; The Charlotte Observer

Content Highlights: Tesla Car Crashes Into Police Car While Drives In Auto Pilot Mode