തെലങ്കാനയിലെ കളക്ടര്‍മാര്‍ക്ക് യാത്രയൊരുക്കാന്‍ കിയ മോട്ടോഴ്‌സിന്റെ ആഡംബര എം.പി.വിയായ കാര്‍ണിവല്‍ എത്തുന്നു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 32 കാര്‍ണിവല്‍ എം.പി.വിയാണ് തെലങ്കാനയിലെ ജില്ലാ കളക്ടര്‍മാര്‍ക്കായി എത്തിച്ചിട്ടുള്ളത്. ജില്ലയിലുടനീളം യാത്ര ചെയ്യുന്നവരായതിനാല്‍ മികച്ച യാത്ര സൗകര്യം ഉറപ്പാക്കുന്നതിനായാണ് ഈ വാഹനം ഒരുക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്‌.

ഓരോ വാഹനത്തിനും 30 ലക്ഷം രൂപയോളം ചിലവ് വന്നിട്ടുണ്ടെന്നാണ് തെലങ്കാന ഗതാഗത മന്ത്രി അറിയിച്ചിട്ടുള്ളത്. ഏകദേശം 10 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരുന്നതെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഈ നടപടിയെന്നും ഇത് കളക്ടര്‍മാര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇത് ഫ്‌ളാഗ് ഓഫ് ചെയ്തത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ ഈ നീക്കത്തെ ബി.ജെ.പി. ശക്തമായി എതിര്‍ത്തു. 40,000 കോടി രൂപയുടെ കടബാധ്യതയുള്ള സംസ്ഥാനമാണ് തെലങ്കാന. ഇതിനുപുറമെ, രാജ്യം ഒരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍ ആഡംബര വാഹനത്തിനായി കോടികള്‍ ചിലവഴിക്കുന്നത് ധൂര്‍ത്താണെന്നാണും ഇതുവഴി പൊതുജനങ്ങളുടെ പണം നശിപ്പിക്കുകയാണെന്നുമാണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന കാര്‍ണിവലിന് 24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് കാര്‍ണിവല്‍ എത്തിയിട്ടുള്ളത്. 5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. 

ക്രോമിയം ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിനെ അലങ്കരിക്കുമ്പോള്‍, UVO കണക്ടഡ് കാര്‍ ടെക്നോളജി, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ ഹൈലൈറ്റാണ്. 

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 200 ബി.എച്ച്.പി പവറും 440 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് മാനുവല്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ എംപിയില്‍ ട്രാന്‍ഷ്മിഷന്‍ ഒരുക്കുന്നത്. എട്ട് എയര്‍ബാഗ്, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് സുരക്ഷ ഫീച്ചറുകള്‍.

Content Highlights; Telangana States Buys 32 Kia Carnival MPV For District Collectors