സിക്ക വൈറസിനെ പേടിച്ച് ടാറ്റ പേരു മാറ്റിയ കാറിന് ടീയാഗോ എന്ന് പേരിട്ടു. സിക്ക എന്ന പേരിലാണ് ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കാര്‍ അവതരിപ്പിച്ചത്. സിപ്പി, കാര്‍ എന്നീ വാക്കുകള്‍ ചേര്‍ത്താണ് സിക്ക എന്ന പേര് ഉണ്ടാക്കിയത്. എന്നാല്‍, അപ്പോഴേയ്ക്കും ലോകമെങ്ങും മാരകമായ സിക്ക വൈറസ് പടര്‍ന്നു പിടിച്ചതോടെ കമ്പനി വിഷമവൃത്തത്തിലായി. ഇതിനെ തുടര്‍ന്ന് അപ്പോള്‍ തന്നെ പേരു മാറ്റാന്‍ ടാറ്റ തീരുമാനിച്ചിരുന്നു. പകരം പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനിുള്ളില്‍ സോഷ്യല്‍ മീഡിയയും എസ്.എം.എസും വഴി ഏതാണ്ട് 37000 നിര്‍ദേശങ്ങളാണ് കമ്പനിക്ക് ലഭിച്ചത്. ഇതില്‍ ഉധോര്‍, സിവിറ്റ്, ടീയാഗോ എന്നീ മൂന്ന് പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും ഒടുവില്‍ വോട്ടെടുപ്പിലൂടെ ടീയാഗോ എന്ന പേര് തിരഞ്ഞെടുക്കുകയും ചെയ്തു. മാര്‍ച്ച് മാസത്തില്‍ തന്നെ ഈ പുതിയ പേരില്‍ കാര്‍ വിപണിയിലിറക്കാനാണ് ടാറ്റ ഉദ്ദേശിക്കുന്നത്.

Tata Zica

ടാറ്റയുടെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ ലയണല്‍ മെസ്സിയുടെ മൂത്ത് മകന്റെ പേര് തിയാഗോയുമായി ഏറെ സാമ്യമുള്ളതാണ് പുതിയ പേര് എന്നതും ശ്രദ്ധേയമാണ്.

ഭാവിയില്‍ എല്ലാ ടാറ്റ കാറുകളിലും ഉപയോഗിക്കുന്ന ഇംപാക്ട് എന്ന നൂതനമായ ഡിസൈനിലാണ് ടീയാഗോ നിര്‍മിച്ചിരിക്കുന്നത്. 1.05 ലിറ്റര്‍ റൊവൊടോര്‍ക്ക് ഡീസല്‍ എഞ്ചിലും 1.2 ലിറ്റര്‍ റൊട്രോണ്‍ പെട്രോള്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. രണ്ട് എഞ്ചിലും അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്. പെട്രോള്‍ എഞ്ചിന്റെ കരുത്ത് 84 ബി.എച്ച്.പി.യും ഡീസല്‍ എഞ്ചിന്റേത് 69 ബി.എച്ച്.പി.യുമാണ്. പെട്രോള്‍ എഞ്ചിന്റെ ടോര്‍ക്ക് 114 എന്‍.എമ്മും ഡീസല്‍ എഞ്ചിന്റേത് 140 എന്‍.എമ്മും. പ്ലാറ്റിനം സില്‍വര്‍, സണ്‍ബേസ്റ്റ് ഓറഞ്ച്, സ്‌ട്രൈക്കര്‍ ബ്ലു, എസ്‌പ്രെസ്സോ ബ്രൗണ്‍, പേള്‍സെന്റ് വൈറ്റ്, ബെറി റെഡ് എന്നീ ആറ് നിറങ്ങളില്‍ കാര്‍ ലഭ്യമാണ്.