ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടാറ്റ തൊട്ടതെല്ലാം പൊന്നാണ്. വിപണിയില്‍ ക്ലിക്കാകാത്ത ഒരു മോഡലും അടുത്ത കാലത്ത് ടാറ്റയുടെ അകൗണ്ടില്‍ ഇല്ല. ഹെക്‌സ, ടിഗോര്‍, ടിഗായോ, നെക്‌സോണ്‍ എന്നിവയെല്ലാം വളരെപ്പെട്ടെന്ന് വിപണിയില്‍ വമ്പന്‍മാരായി. ഹാരിയര്‍ എസ്.യു.വി, 45X പ്രീമിയം ഹാച്ച്ബാക്ക് എന്നിവ ഇനി വരവ് കാത്തിരിക്കുന്നു. ഇതിനുംമുമ്പെ ടാറ്റ കുടുംബത്തില്‍ നിന്ന് രണ്ട് പെര്‍ഫോമെന്‍സ് കാറുകള്‍ പുറത്തിറങ്ങും. അതും രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പെര്‍ഫോമെന്‍സ് കാറുകള്‍ എന്ന ഖ്യാതിയോടെ. 

Tigor JTP

നിലവില്‍ വിപണിയിലുള്ള ടിയാഗോ ഹാച്ച്ബാക്കിന്റെയും ടിഗോര്‍ സെഡാന്റെയും സഹോദരങ്ങളാണ് വരാനിരിക്കുന്ന പെര്‍ഫോമെന്‍സ് കാറുകള്‍. ടിയാഗോ JTP, ടിഗോര്‍ JTP (ജെയം ടാറ്റ പെര്‍ഫോമെന്‍സ്) എന്നിവയാണ് ഈ രണ്ട് പെര്‍ഫോമെന്‍സ് മോഡലുകള്‍. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോമോട്ടീവുമായി ഒന്നിച്ചാണ് പെര്‍ഫോമെന്‍സ് കാറുകള്‍ ടാറ്റ യാഥാര്‍ഥ്യമാക്കിയത്. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 2018 ദീപാവലി ഉത്സവ സീസണില്‍ പെര്‍ഫോമെന്‍സ് മോഡലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.  

ടിഗോര്‍ JTP-ക്ക് ഏകദേശം ഏഴു ലക്ഷത്തിനുള്ളിലും ടിയാഗോ JTP-ക്ക് 6.8 ലക്ഷം രൂപയുമായിരിക്കും എക്‌സ്‌ഷോറൂം വില എന്നാണ് ആദ്യ സൂചനകള്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ടിനും കരുത്തേകുക. 5 സ്പീഡ് മാനുവലായിരിക്കും ഗിയര്‍ബോക്‌സ്. രൂപത്തില്‍ റഗുലര്‍ പതിപ്പില്‍നിന്ന് പെര്‍ഫോമെന്‍സ് മോഡലുകള്‍ക്ക് വലിയ മാറ്റമുണ്ടാകില്ല. ഫ്രണ്ട് ഗ്രില്‍, ബംമ്പര്‍, ഫോഗ് ലാംപ്, അലോയി വീല്‍ എന്നിവയില്‍ മാറ്റമുണ്ടാകും. ബോണറ്റില്‍ എയര്‍വെന്റുകളും നല്‍കി. പിന്‍ഭാഗം സ്‌പോര്‍ട്ടി രൂപത്തിലേക്ക് മാറ്റി. ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്‌ട്രെയാണ് അകത്ത്. JTP ബ്രാന്‍ഡിങ്ങും അകത്ത് പ്രതിഫലിക്കും. വിപണിയിലെത്തിയാല്‍ ഇവ രണ്ടും വലിയ കുതിപ്പ് നല്‍കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Tiago JTP

Content Highlights; Tata To Launch India's Most Affordable Performance Cars