മികച്ച കരുത്തും ഉയര്‍ന്ന ഇന്ധനക്ഷമതയും മുഖമുദ്രയായ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഇന്ത്യയിലും ജനപ്രീതി വര്‍ധിച്ച് വരികയാണ്. ഇത് മുതലെടുക്കാനുള്ള നീക്കത്തിലാണ് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും. ടര്‍ബോ എന്‍ജിനിലുള്ള ചെറുകാറുകളുടെ നിരയിലേക്ക് ഏറ്റവും ഒടുവിലായി എത്താനൊരുങ്ങുകയാണ് ടാറ്റയുടെ സെഡാന്‍ മോഡലായ ടിഗോര്‍. 

വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി ടര്‍ബോ എന്‍ജിന്‍ ടിഗോര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടിഗോറിന്റെ മുഖ്യ എതിരാളിയായ ഹ്യുണ്ടായി ഓറയോട് മുട്ടിനില്‍ക്കാനാണ് ടര്‍ബോ എന്‍ജിനിലേക്കുള്ള ഈ മാറ്റമെന്നാണ് വിലയിരുത്തലുകള്‍. വൈകാതെ പുതിയ എന്‍ജിനിലുള്ള ടിഗോര്‍ നിരത്തുകളിലെത്തും.

ബി.എസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ സ്ഥാനം പിടിക്കുക. ഇത് 112 ബി.എച്ച.പി പവറും 150 എന്‍.എം ടോര്‍ക്കുമേകും. എന്നാല്‍, ടര്‍ബോ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 

ടിഗോറിന്റെ പ്രധാന എതിരാളിയായ ഓറയും ടര്‍ബോ എന്‍ജിനില്‍ നിരത്തുകളില്‍ എത്തുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഓറയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതും 112 ബി.എച്ച്,പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ടിഗോറിന് പുറമെ, ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ അല്‍ട്രോസിലും ടര്‍ബോ എന്‍ജിന്‍ നല്‍കുന്നുണ്ടെന്നാണ് സൂചനകള്‍.

പുതിയ എന്‍ജിനിലേക്ക് മാറുന്നതൊഴിച്ചാല്‍ ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എ.ബി.എസ് വിത്ത് ഇ.ബി.ഡി, റിയര്‍ പാര്‍ക്കിങ്ങ് സെല്‍സര്‍, ലോഡ് ലിമിറ്റര്‍, ഡ്രൈവര്‍-കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് അലേര്‍ട്ട്, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ടിഗോറില്‍ നല്‍കുന്നുണ്ട്.

Content Highlights: Tata Tigor To Get 1.2 Liter Turbo Petrol Engine