ടാറ്റ സെഡാന്‍ വാഹനമായ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പ് മുഖം മിനുക്കി, കൂടുതല്‍ കാര്യക്ഷമതയോടെ എത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പായിരുന്നു. ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം ഇതായിരിക്കുമെന്ന്. ഈ പ്രവചനങ്ങള്‍ ഒന്നും അസ്ഥാനത്തായില്ലെന്ന് തെളിയിച്ച് ടിഗോര്‍ ഇ.വിയുടെ വില ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനമെന്ന വിശേഷണവും ടിഗോറിന് സ്വന്തമാകുകയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നത്. നെക്‌സോണ്‍ ഇ.വിയില്‍ ടാറ്റ മോട്ടോഴ്‌സ് നല്‍കിയ സിപ് ട്രോണ്‍ സാങ്കേതികവിദ്യയില്‍ അതിഷ്ഠിതമായാണ് ടിഗോര്‍ ഇ.വിയുടെ എത്തിയിട്ടുള്ളത്. നെക്‌സോണ്‍ ഇ.വി. 312 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കിയിട്ടുള്ളത്. 

26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോര്‍ ഇ.വിയില്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കിലും 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, റെഗുലര്‍ ചാര്‍ജറില്‍ ബാറ്ററി നിറയാന്‍ 8.5 മണിക്കൂര്‍ സമയമാണ് എടുക്കുന്നത്. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

റെഗുലര്‍ ടിഗോറിന് സമാനമായ രൂപത്തിനൊപ്പം അകത്തളത്തിലും പുറംമോടിയിലും പ്രീമിയം ഭാവമൊരുക്കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ ലാമ്പ്, കറുപ്പ് നിറം നല്‍കിയിട്ടുള്ള മിറര്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ നല്‍കിയിട്ടുള്ള പുതുമകള്‍. ഫോഗ്‌ലാമ്പിന് സമീപത്തായി ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള മുന്‍വശത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. 

ഇന്റീരിയറിനും പ്രീമിയം ഭാവമാണ് നല്‍കിയിട്ടുള്ളത്. ബ്ലാക്ക്-ബേഡ് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹര്‍മന്‍ വികസിപ്പിച്ചിട്ടുള്ള ഏഴ് ഇഞ്ച്  ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവയാണ് അകത്തളത്തിന് മാറ്റ് കൂട്ടുന്നത്. റിമോട്ട് കമാന്റ് ഉള്‍പ്പെടെ 30-ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഈ വാഹനത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നത്.

Content Highlights: Tata Tigor EV Launched In India, Tata Electric Car, Safest Electric Car