2019-ല്‍ ആണ് ടാറ്റ മോട്ടോഴ്‌സിന്റെ സെഡാന്‍ മോഡലായ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പ് നിരത്തുകളില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ആയിരുന്നു ഈ വാഹനം നല്‍കിയിരുന്ന റേഞ്ച്. അതുകൊണ്ട് തന്നെ മറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ഈ വാഹനത്തിന്റെ സ്വീകാര്യത മങ്ങുകയായിരുന്നു. എന്നാല്‍, കൈമോശം വന്ന ജനപ്രീതി തിരിച്ച് പിടിക്കാന്‍ കൂടിയ റേഞ്ചിലും കിടിലന്‍ ലുക്കിലും മടങ്ങിയെത്താനൊരുങ്ങുകയാണ് ടിഗോര്‍ ഇ.വി.

നോര്‍മല്‍, എക്‌സ്‌റ്റെന്റഡ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ടിഗോര്‍ ഇ.വിയുടെ രണ്ടാം വരവ് എന്നാണ് സൂചന. ഇതില്‍ എക്‌സ്റ്റെന്റഡ് റേഞ്ച് 213 കിലോമീറ്ററും നോര്‍മല്‍ വേരിയന്റിന് 165 കിലോമീറ്ററും റേഞ്ച് ഉറപ്പാക്കുമെന്നാണ് സൂചനകള്‍. 16.2 കിലോവാട്ട്, 21.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ ഈ വാഹനമെത്തുന്നുണ്ട്. 41 ബി.എച്ച്.പി. പവറും 105 എന്‍.എം. ടോര്‍ക്കുമേകുന്ന 70V മൂന്ന് ഫേസ് മോട്ടോറായിരിക്കും ടിഗോര്‍ ഇ.വിക്ക് കുതിപ്പേകുന്നത്. 

ടിഗോറിന്റെ എക്‌സ്റ്റെന്റഡ് വേരിയന്റ് സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 11.5 മണിക്കൂറില്‍ പൂര്‍ണമായും, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് രണ്ട് മണിക്കൂറില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, നോര്‍മല്‍ വേരിയന്റില്‍ സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1.5 മണിക്കൂറില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് സൂചനകള്‍.

ലുക്കിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. വശങ്ങളില്‍ ട്രൈ-ആരോ ഡിസൈന്‍ നല്‍കിയിട്ടുള്ള എന്‍ക്ലോസ്ഡ് ഗ്രില്ലാണ് മുന്നില്‍ നല്‍കിയിട്ടുള്ളത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഒരു പാനലില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും ഫോഗ്‌ലാമ്പും, രൂപമാറ്റം വരുത്തിയിട്ടുള്ള വലിയ ബമ്പര്‍, ഇ.വി. ബാഡ്ജിങ്ങ് തുടങ്ങിയവായാണ് പുതിയ ടിഗോറിലെ ഡിസൈനില്‍ നല്‍കിയിട്ടുള്ള പുതുമകള്‍. മറ്റ് ഭാഗങ്ങള്‍ റെഗുലര്‍ മോഡലിന് സമാനമാണ്.

ക്യാബിനുള്ളില്‍ കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ആര്‍.പി.എം. മീറ്ററിന്റെ സ്ഥാനത്ത് ചാര്‍ജ് മീറ്റര്‍ നല്‍കുന്നതാണ് റെഗുലര്‍ മോഡലില്‍ നിന്ന് വരുത്തിയിട്ടുള്ള മാറ്റം. സുരക്ഷയൊരുക്കാന്‍ ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍ എന്നിവ നല്‍കുന്നുണ്ട്. ബ്ലൂ ടൂത്ത് കണക്ടവിറ്റിയുള്ള മ്യൂസിക് സിസ്റ്റവും ക്രൈമറ്റ് കണ്‍ട്രോളും ഇന്റീരിയറിലെ മറ്റ് ഫീച്ചറുകളാണ്.

Source: India Car News 

Content Highlights: Tata Tigor EV Facelift Model With 213 KM Range Will Launch Soon