ലക്ട്രിക് വാഹനങ്ങളിലേക്ക് ടാറ്റ മോട്ടോഴ്‌സിന് വഴിതെളിച്ച വാഹനമായിരുന്നു ടിഗോര്‍ ഇ.വി. എന്നാല്‍, ആദ്യ വരവില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന ഈ വാഹനം മുഖം മിനുക്കിയും കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും വീണ്ടുമെത്തുകയാണ്. എക്‌സ്-പ്രസ്-ടി എന്ന പേരില്‍ ഫ്‌ളീറ്റ് സെഗ്‌മെന്റില്‍ എത്തിയ വാഹനത്തിന്റെ വ്യക്തിഗത പതിപ്പായാണ് ടിഗോര്‍ ഇ.വി. എത്തുന്നത്. ഓഗസ്റ്റ് 31-ന് ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

ഇലക്ട്രിക് കാറുകള്‍ക്കായി ടാറ്റ വികസിപ്പിച്ചിട്ടുള്ള സിപ് ട്രോണ്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി വിപണിയില്‍ എത്തുന്ന രണ്ടാമത്തെ വാഹനമാണ് ടിഗോര്‍ ഇ.വി. ഈ ഇലക്ട്രിക് വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായും താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍, ഷോറൂം ബുക്കിങ്ങ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് മേധാവി അറിയിച്ചു. 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.

ടിഗോര്‍ ഇ.വിയുടെ റേഞ്ച് സംബന്ധിച്ച വിവരങ്ങളും ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സിപ് ട്രോണ്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി എത്തിയ ആദ്യ മോഡലായ നെക്‌സോണ്‍ ഇലക്ട്രിക് 312 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇതേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി എത്തുന്ന വാഹനമായതിനാല്‍ തന്നെ ടിഗോറിനും ഇതിനോട് അടുത്ത റേഞ്ചും കരുത്തും പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍. 

Tata Tigor

26 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇലക്ട്രിക് ടിഗോറില്‍ നല്‍കുന്നത്. 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനിറ്റില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. റെഗുലര്‍ ചാര്‍ജറില്‍ 8.5 മണിക്കൂറില്‍ ബാറ്ററി നിറയും. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പുതിയ ഇലക്ട്രിക് ടിഗോറിനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റയുടെ കോംപാക്ട് എസ്.യു.വി. വാഹനമായ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പ് ടാറ്റ വിപണിയില്‍ എത്തിച്ചിരുന്നു. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് എസ്.യു.വി. എന്ന നിലയില്‍ വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. വില്‍പ്പനയിലും കനത്ത് മുന്നേറ്റമാണ് നെക്‌സോണ്‍ ഇ.വി. കാഴ്ച്ചവെക്കുന്നത്. എന്നാല്‍, ടിഗോര്‍ ഇ.വി. നിരത്തില്‍ എത്തുന്നതോടെ ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന ഖ്യാതി ടിഗോറിന് സ്വന്തമാകും.

Content Highlights: Tata Tigor Electric To Launch In August 31, Tata Tigor EV