സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അടിവരയിട്ട് ഉറപ്പാക്കുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണ്‍, അള്‍ട്രോസ് തുടങ്ങിയ വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ നടത്തിയ ഗംഭീര അതിജീവനത്തിന് പിന്നാലെ ഇടിപരീക്ഷയിലൂടെ സുരക്ഷയില്‍ കരുത്ത് തെളിയിച്ചിരിക്കുയാണ് ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹന മോഡലായ ടിഗോര്‍ ഇ.വി. 

ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ടിഗോര്‍ ഇ.വി. സുരക്ഷ തെളിയിച്ചിരിക്കുന്നത്. ആദ്യമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ഇലക്ട്രിക് വാഹനമാണ് ടിഗോര്‍ ഇ.വിയെന്നാണ് റിപ്പോര്‍ട്ട്. സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായാണ് ടിഗോര്‍ ഇ.വി. ക്രാഷ് ടെസ്റ്റിനിറങ്ങിയത്. ഓഗസ്റ്റ് 31-നാണ് ടിഗോര്‍ ഇ.വി. വിപണിയില്‍ അവതരിപ്പിക്കുന്നത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ ടിഗോറിനെക്കാള്‍ മികച്ച റിസള്‍ട്ടാണ് ഇലക്ട്രിക് മോഡല്‍ ക്രാഷ് ടെസ്റ്റില്‍ നേടിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ടിഗോറിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പും ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുകയും മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 

കുട്ടുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 37.24 മാര്‍ക്ക് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിന് അര്‍ഹമായത്. കുട്ടുകളുടെ സുരക്ഷയില്‍ 34.14 പോയന്റാണ് റെഗുലര്‍ ടിഗോറിന് ലഭിച്ചിട്ടുള്ളത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12 പോയന്റ് ടിഗോര്‍ ഇ.വി. നേടിയപ്പോള്‍ റെഗുലര്‍ മോഡലില്‍ ഇത് 12.52 പോയന്റായിരുന്നു. ടിഗോര്‍ ഇ.വിയുടെ അടിസ്ഥാന മോഡലാണ് ക്രാഷ് ടെസ്റ്റിനായി ഇറക്കിയിരുന്നത്.

Content Highlights: Tata Tigor Electric Achieve 4 Star Rating In NCAP Crash Test