റ്റവുമൊടുവില്‍ വരുത്തിയ മുഖം മിനുക്കലോടെ കെട്ടിലും മട്ടിലും ഒരു പ്രീമിയം ഹാച്ച്ബാക്കിന്റെ തലയെടുപ്പാണ് ടാറ്റ ടിയാഗോ എന്ന ചെറുഹാച്ച്ബാക്കിനുള്ളത്. ഫീച്ചറുകളിലും എതിരാളികളെക്കാള്‍ മുന്നിലാണ് ഈ വാഹനം. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടിയാഗോയുടെ കുറഞ്ഞ വേരിയന്റില്‍ പോലും കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള നീക്കത്തിലാണ് ടാറ്റ. 

ടിയാഗോ നിരയിലെ രണ്ടാമത്തെ മോഡലായ XT വേരിയന്റിലാണ് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം സ്റ്റിയറിങ്ങ് മൗണ്ടഡ് ഓഡിയോ ആന്‍ഡ് ഫോണ്‍ കണ്‍ട്രോള്‍ സംവിധാനം ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. മുമ്പ് ടിയാഗോയുടെ ഉയര്‍ന്ന വേരിയന്റായ XZ, XZ+ എന്നിവയില്‍ മാത്രമാണ് ഈ ഫീച്ചര്‍ നല്‍കിയിരുന്നത്. 

എന്നാല്‍, പുതിയ ഫീച്ചര്‍ വാഹനത്തില്‍ നല്‍കിയതിനൊപ്പം പിന്നിലെ പാര്‍സല്‍ ഷെല്‍ഫ് ട്രേ ഇതില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയതോടെ XT വേരിയന്റിന്റെ വിലയില്‍ 1000 രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മാറ്റങ്ങള്‍ വരുത്തിയെത്തിയിട്ടുള്ള പുതിയ ടിയാഗോ അടുത്ത മാസം നിരത്തുകളിലെത്തിയേക്കും. 

ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്, 14 ഇഞ്ച് സ്റ്റീല്‍ വീല്‍ വിത്ത് വീല്‍ കവര്‍, ബോഡി കളര്‍ റിയര്‍വ്യു മിററും ഡോര്‍ ഹാന്‍ഡിലും, ഇന്റിക്കേറ്റര്‍ നല്‍കിയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിറര്‍, റിയര്‍ പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ് വിത്ത് ഡിസ്‌പ്ലേ, സെന്റര്‍ ലോക്കിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോ എന്നിവ XT വേരിയന്റില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ടിയാഗോയിക്ക് കരുത്തേകുന്നത്. ഇത് 86 ബിഎച്ച്പി പവറും 113എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലും എ.എം.ടി ഗിയര്‍ബോക്‌സുമാണ് ഈ ചെറുഹാച്ച്ബാക്കില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 4.70 ലക്ഷം രൂപ മുതല്‍ 6.60 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറും വില.

Source: RushLane

Content Highlights: Tata Tiago XT Varient Get More Features Soon