ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് വാഹനമായ ടിയാഗോയുടെ മറ്റൊരു പതിപ്പ് കൂടി നിരത്തിലെത്തി. ടാറ്റയുടെ ഉപയോക്താക്കള്‍ക്കുള്ള ഉത്സവസമ്മാനമായാണ് ടിയാഗോയുടെ വിസ് എഡിഷന്‍ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. 5.40 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ടിയാഗോയുടെ പരമ്പരാഗത ഡിസൈനില്‍ മാറ്റം വരുത്താതെ പുതിയ പെയിന്റ് സ്‌കീം നല്‍കിയാണ് വിസ് എഡിഷന്‍ അലങ്കരിച്ചിരിക്കുന്നത്. വിസ് ബാഡ്ജിങ്ങിന് പുറമെ,  ഗ്രേ ഫിനീഷിങ്ങ് ബോഡിയും ബ്ലാക്ക് റൂഫിനുമൊപ്പം ഗ്രില്ലിലും സൈഡ് മിററിലും വീല്‍ കപ്പിലും ഓറഞ്ച് ട്രീറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്.

പുറംമോടിയിലെ സ്‌പോര്‍ട്ടി ഭാവം അകത്തളത്തിലും നിഴലിക്കുന്നുണ്ട്. ഡ്യുവല്‍ ഡോണ്‍ നിറങ്ങളിലാണ് ഇന്റീരിയര്‍. ഓറഞ്ച് നിറത്തില്‍ സ്റ്റിച്ചിങ്ങുകളുള്ള സീറ്റുകള്‍, എസി വെന്റുകള്‍ക്കും ചുറ്റിലുമുള്ള ഓറഞ്ച് റിങ്ങ്, ഗ്ലോസി ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, ഗ്രേ നിറത്തിലുള്ള ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകത.

സുരക്ഷയുടെ കാര്യത്തിലും വിസ് എഡിഷന്‍ അല്‍പ്പം മുന്നിലാണ്. എബിഎസ്-ഇബിഡി എന്നീ ബ്രേക്കിങ്ങ് സംവിധാനത്തിന് പുറമെ, സീറ്റ് ബെല്‍റ്റ് വാണിങ്ങ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സെന്റര്‍ ലോക്കിങ് എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും. 

പെട്രോള്‍ എന്‍ജിനിലാണ് വിസ് എഡിഷന്‍ നിരത്തിലെത്തുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഇത് 84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കുന്ന ഈ വാഹനത്തിന് 23.84 കിലോമീറ്റര്‍ മൈലേജാണ് കമ്പനി ഉറപ്പുനല്‍കുന്നത്.

Content Highlights: Tata Tiago Wizz Edition Launched In India