കോഴിക്കോട് വെസ്റ്റ് ഹില്ലിൽ തീവണ്ടിമാർഗം എത്തിച്ച കാറുകൾ പുറത്തിറക്കുന്നു | ചിത്രം: മാതൃഭൂമി
കോവിഡുകാലത്ത് ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ. എന്‍.എം.ജി. (ന്യൂലി മോഡിഫൈഡ് ഗുഡ്സ്) വാഗണുകളില്‍ കേരളത്തിലെ ഡീലര്‍മാര്‍ക്കായി പുത്തന്‍ കാറുകളെത്തിക്കുന്ന പദ്ധതിയാണ് ഇതില്‍ പുതിയത്. ചരക്കുലോറികള്‍ എത്തിക്കുന്ന റോ-റോ (റോള്‍ ഓണ്‍-റോള്‍ ഓഫ്) പദ്ധതി നടപ്പാവുംമുമ്പേയാണ് പുതിയ ചരക്കുനീക്കം.
ടാറ്റയുടെ ടിയാഗോ കാറുകളാണ് ആദ്യമായി തീവണ്ടിയിലെത്തിയത്. ആദ്യഘട്ടമായി 25 ബോഗികളുള്ള രണ്ട് വണ്ടികളില്‍ 250 കാറുകള്‍ ഗുജറാത്തിലെ സാനന്ദില്നിന്ന് കേരളത്തിലെത്തി. ഇവയില്‍ മലബാര്‍ മേഖലയിലേക്കുള്ള 100 കാറുകള്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലും തിരുവനന്തപുരം മേഖലയിലെ വിതരണക്കാര്‍ക്കായി 150 എണ്ണം എറണാകുളത്തുമാണ് ഇറക്കിയത്.
വാഗണുകള്‍ നിര്‍ത്തിയിട്ട് കാറുകള്‍ ഇറക്കാനും നിര്‍ത്തിയിടാനുമുള്ള സൗകര്യം പരിഗണിച്ചാണ് വെസ്റ്റ് ഹില്‍, എറണാകുളം സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്. അടുത്ത ദിവസങ്ങളിലായി 13 തീവണ്ടികള്‍ കൂടി കാറുമായെത്തും. കാര്‍ ഗാഡിയെന്നറിയപ്പെടുന്ന നീളംകൂടിയ കണ്ടെയ്നര്‍ ലോറികളിലായിരുന്നു ഇതുവരെ കേരളത്തില്‍ കാറുകളെത്തിച്ചിരുന്നത്.
ഒരു ഗാഡിയില്‍ എട്ട് കാറുകള്‍ കൊള്ളും. തീവണ്ടിയില്‍ ഒരു വാഗണില്‍ മാത്രം അഞ്ചെണ്ണം കയറ്റാനാവും. 125 കാറുകള്‍ എത്തിക്കാന്‍ 16 കണ്ടെയ്നര്‍ ലോറികള്‍ ഓടേണ്ട സ്ഥാനത്താണ് 25 വാഗണുകളുള്ള ഒറ്റ തീവണ്ടി എത്തിയത്. ഇതുവഴി സമയവും കടത്തുകൂലിയും വലിയതോതില്‍ ലാഭിക്കാനാവും.
Content Highlights: Tata Tiago Transported By Train From Gujarat To Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..