ടാറ്റയുടെ വിജയക്കുതിപ്പിന് കരുത്തേകുന്ന ടിയാഗോ, ടിഗോര്‍ വാഹനങ്ങളുടെ ഡീസല്‍ മോഡല്‍ നിര്‍ത്തിയേക്കുമെന്ന് സൂചന. ബിഎസ്-6 എന്‍ജിനില്‍ ഈ വാഹനങ്ങളുടെ പെട്രോള്‍ മോഡല്‍ മാത്രമേ എത്തിക്കൂവെന്നാണ് റിപ്പോര്‍ട്ട്.

മലിനീകരണം നീയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്നിന് ശേഷം ഇന്ത്യയിലിറങ്ങുന്ന കാറുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. 

എന്നാല്‍, ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റുന്നത് ഏറെ ചിലവേറിയ പ്രക്രിയയാണെന്നും, ഈ എന്‍ജിനിലുള്ള വാഹനം നിലവിലുള്ള വിലയില്‍ വില്‍ക്കാന്‍ കഴിയില്ലെന്നുമാണ് വാഹന നിര്‍മാതാക്കളുടെ വാദം. 

1.05 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവോടോര്‍ക്ക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ടിഗോറിലും ടിയാഗോയിലും പ്രവര്‍ത്തിക്കുന്നത്. ഇത് 70 പിഎസ് പവറും 140 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജില്‍ ഉത്പാദിപ്പിക്കുന്നത്.

ഇത് നിര്‍ത്തുന്നതോടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനങ്ങള്‍ നിരത്തിലെത്തുക. ഇത് 85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Tata Tiago & Tigor Diesel Variants to be discontinued