രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാകളായ ടാറ്റ ആറ് മാസം മുന്‍പ് നിരത്തിലെത്തിച്ച ഹാച്ച്ബാക്ക് മോഡല്‍ ടിയാഗോ മികച്ച വില്‍പ്പനയോടെ മുന്നേറുന്നു. ഏപ്രിലില്‍ പുറത്തിറക്കിയ ടിയാഗോയുടെ ബുക്കിങ് ഇതിനോടകം അമ്പതിനായിരം യൂണിറ്റുകള്‍ പിന്നിട്ടെന്നാണ് കമ്പനി പുറത്തുവിട്ടുന്ന വിവരം. ബുക്കിങ് വര്‍ദ്ധിച്ചതോടെ വാഹനത്തിന്റെ ചില വേരിയന്റുകളുടെ വെയ്റ്റിങ് പിരീഡ് ഏകദേശം നാലു മാസത്തോളമായി വര്‍ധിച്ചിട്ടുണ്ട്. 

നിരത്തിലെത്തിയ ആദ്യ മാസം 3,022 ടിയാഗോ യൂണിറ്റുകള്‍ ടാറ്റ വിറ്റഴിച്ചു. പിന്നീടിങ്ങോട്ട് ഓരോ മാസവും വില്‍പ്പനയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 4,557 യൂണിറ്റാണ് കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ചത്. പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാകുന്ന ടിയാഗോയുടെ പെട്രോള്‍ വകഭേദത്തിനാണ് കൂടുതല്‍ ആവശ്യക്കാര്‍. രണ്ടിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ്. 

Tata tiago

1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ പരമാവധി 83 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. അതേ സമയം 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമേകും.

അധികം വൈകാതെ പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് വേരിയന്റും ടാറ്റ നിരത്തിലെത്തിക്കും. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരന്റുകളാണ് ടിയാഗോയ്ക്കുള്ളത്. ഇതില്‍ പെട്രോള്‍ പതിപ്പിന് 3.36-5.06 ലക്ഷവും ഡീസല്‍ വേരിയന്റിന് 4.12-5.88 ലക്ഷവുമാണ് കോഴിക്കോട് എക്‌സ്‌ഷോറൂം വില.