പ്രതീകാത്മക ചിത്രം | Tata Motors
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ എന്‍ട്രി ലെവല്‍ വാഹനമായ ടിയാഗോ ഹാച്ച്ബാക്കിന്റെ എന്‍.ആര്.ജി. പതിപ്പ് വീണ്ടുമെത്തുന്നു. മുന്‍ മോഡലിനെക്കാള്‍ പുതുമകളുമായി എത്തുന്ന പുത്തന്‍ പതിപ്പ് ഓഗസ്റ്റ് നാലിന് അവതരിപ്പിക്കും. അവതരണത്തിന് മുന്നോടിയായി ടിയോഗ എന്‍.ആര്.ജിയുടെ ഔദ്യോഗിക ടീസര്‍ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി.
ടിയാഗോയുടെ ക്രോസ് ഓവര്‍ പതിപ്പായി 2018 മുതല്‍ 2020 വരെ എന്‍.ആര്.ജി. വില്‍പ്പനയ്ക്ക് എത്തിയിരുന്നു. എന്നാല്‍, ടിയാഗോയുടെ മുഖംമിനുക്കിയ പതിപ്പിന്റെ വരവോടെ ഈ വാഹനം നിരത്തൊഴിയുകയായിരുന്നു. റെഗുലര്‍ ടിയാഗോ ഹാച്ച്ബാക്കില്‍ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ക്ലാഡിങ്ങുകളും മറ്റും നല്‍കിയായിരുന്നു എന്‍.ആര്.ജിയുടെ ആദ്യ മോഡല്‍ എത്തിയിരുന്നത്.
2020-ലെ മുഖം മിനുക്കലില്‍ ടിയാഗോ കൂടുതല്‍ സ്റ്റൈലിഷായതിനാല് തന്നെ എന്‍.ആര്.ജിയും കാഴ്ചയില്‍ കൂടുതല്‍ സ്റ്റൈലിഷും ഫീച്ചര്‍ സമ്പന്നവുമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഷാര്‍പ്പ് ഡിസൈനില്‍ ഒരുങ്ങുന്ന ഗ്രില്ലും ഹെഡ്ലൈറ്റും പരുക്കന്‍ ഭാവത്തിനായി രൂപമാറ്റം വരുത്തുന്ന ബമ്പര്‍, 14 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ എന്നിവയായിരിക്കും എന്‍.ആര്.ജിയില്‍ നല്‍കുക.
എന്‍.ആര്.ജിയുടെ ആദ്യ പതിപ്പില്‍ നല്‍കിയിരുന്നത് പോലെ ബോഡി ക്ലാഡിങ്ങുകളും മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്കിഡ് പ്ലേറ്റും സ്ഥാനം പിടിച്ചേക്കും. ടെയ്ല്‍ഗേറ്റില്‍ എന്‍.ആര്.ജി. ബാഡ്ജിങ്ങും നല്‍കും. പൂര്‍ണമായും കറുപ്പ് നിറം പൂശിയായിരിക്കും അകത്തളം ഒരുങ്ങുക. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവ ഇന്റീരിയറില്‍ നല്‍കും.
റെഗുലര്‍ ടിയാഗോയുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടായിരിക്കും എന്‍.ആര്.ജിയും എത്തുന്നത്. 84 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും. എ.ബി.എസ്-ഇ.ബി.ഡി. ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളില്‍ ഇതില്‍ നല്‍കും.
Content Highlights: Tata Tiago NRG Facelift Model Launch On August 4
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..