ടാറ്റയുടെ ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്ക് ടിയാഗോയെ പരിഷ്‌കരിച്ച് പുതിയ ക്രോസ്-ഹാച്ച് പതിപ്പായി കമ്പനി പുറത്തിറക്കുന്നു. അര്‍ബന്‍ ടഫ്‌റോഡര്‍ എന്ന വിശേഷണത്തോടെ ടിയാഗോ NRG എന്നാണ് ക്രോസ് ഹാച്ചിന്റെ പേര്. അടുത്തിടെ മാരുതി സുസുക്കി സെലേരിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി സെലേരിയോ X പുറത്തിറക്കിയതിന് സമാനമാണ് ടാറ്റയുടെ ടിയാഗോ NRG. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പെതന്നെ ടിയാഗോ NRG-യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 

ക്രോസ്ഓവര്‍ രൂപത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ പുറംമോടിയിലാണ് പ്രധാനമായും മാറ്റങ്ങള്‍. ബംബറിലൂടെ കയറി വാഹനം പൂര്‍ണമായും ചുറ്റുന്ന വീതിയേറിയ ബ്ലാക്ക് ക്ലാഡിങ്, വീല്‍ ആര്‍ച്ച്, 14 ഇഞ്ച് ഫോര്‍ സ്‌പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ബ്ലാക്ക് റൂഫ് റെയില്‍, റൂഫ് സ്‌പോയിലര്‍, പിന്നിലെ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് നിറത്തിലുള്ള ഗ്രില്‍-എയര്‍ ഡാം, ടേണ്‍ ഇന്‍ഡികേറ്ററോടുകൂടിയ ഗ്ലോസി ബ്ലാക്ക് മിറര്‍ എന്നിവ NRG-ക്ക് സ്‌പോര്‍ട്ടി രൂപം നല്‍കും. പിന്‍ഭാഗത്ത് NRG ലോഗോയും സ്ഥാനംപിടിച്ചു. 

ഓറഞ്ച്, സില്‍വര്‍ ഇന്‍സേര്‍ട്ട് നല്‍കിയത് ഒഴിച്ചു നിര്‍ത്തിയാല്‍ അകത്തളത്തില്‍ വലിയ മാറ്റമില്ല. എന്നാല്‍ സ്റ്റാന്റേര്‍ഡ് ടിയാഗോയെക്കാള്‍ വലുപ്പമുണ്ട് ക്രോസ്ഹാച്ചിന്. 3793 എംഎം നീളവും 1665 എംഎം വീതിയും 1587 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 എംഎം ആയി ഉയര്‍ന്നു. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല, 2500 എംഎം തുടരും. എന്‍ജിനില്‍ മാറ്റമില്ല. 84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനും 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക. രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

മലബാര്‍ സില്‍വര്‍, കനിയോണ്‍ ഓറഞ്ച്, ഫുജി വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ക്രോസ്ഹാച്ച് നിരത്തിലെത്തും. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, മാരുതി സുസുക്കി സെലേരിയോ എക്‌സ് എന്നിവയാണ് ടിയാഗോ NRG-യുടെ പ്രധാന എതിരാളികള്‍. സെപ്തംബര്‍ 12-ന് ടിയാഗോ NRG-യെ ടാറ്റ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ്‌ സൂചന. 

Content Highlights; Tata Tiago NRG cross-hatch leaked