ടിയാഗോ എന്‍ആര്‍ജിയുടെ പുതിയ എഎംടി (ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) പതിപ്പ് ടാറ്റ പുറത്തിറക്കി. 6.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ കോഴിക്കോട്‌ എക്‌സ്‌ഷോറൂം വില. 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ പുതുതായി നല്‍കിയതൊഴിച്ചാല്‍ മറ്റുമാറ്റങ്ങളൊന്നും പുതിയ ടിയാഗോ എന്‍ആര്‍ജിക്കില്ല. 

റഗുലര്‍ ടിയാഗോയുടെ ക്രോസ് ഹാച്ച് പതിപ്പായ ടിയാഗോ എന്‍ആര്‍ജി കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ടാറ്റ പുറത്തിറക്കിയിരുന്നത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ഇതുവരെ ടിയാഗോ എന്‍ആര്‍ജിക്കുണ്ടായിരുന്നുള്ളു. പെട്രോള്‍ എഎംടി പതിപ്പാണ്‌ പുതുതായി ടിയാഗോ എന്‍ആര്‍ജിയില്‍ ടാറ്റ നല്‍കിയിരിക്കുന്നത്. 

റഗുലര്‍ ടിയാഗോയില്‍ നിന്ന് വ്യത്യസ്തമായി അഡീഷ്ണല്‍ ബോഡി ക്ലാഡിങ്, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍സ്, ബ്ലാക്ക് ഗ്രില്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വീല്‍ കവറോടെ 14 ഇഞ്ച് സ്റ്റീല്‍ റിം, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി മാറ്റങ്ങളാണ് ടിയാഗോ എന്‍ആര്‍ജിയുടെ പ്രത്യേകത. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് പെട്രോള്‍ എഎംടിക്ക് കരുത്തേകുന്നത്. 84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. 

Content HIghlights; Tata Tiago NRG AMT, Tiago NRG, Tata Tiago