പെര്‍ഫോമെന്‍സ് കാറുകളുടെ ശ്രേണിയിലേക്ക് ഇനി ടാറ്റയുടെ കരുത്തരും. ടാറ്റയുടെ ഹാച്ച്ബാക്ക് വാഹനമായ ടിയാഗോയുടെയും, സെഡാന്‍ വാഹനമായ ടിഗോറിന്റെയും  JTP മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ്  JTP മോഡലുകള്‍ പുറത്തിറക്കിയത്.  

ടാറ്റ വാഹനങ്ങളില്‍ കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ടിഗോര്‍, ടിയാഗോ JTP  മോഡലുകള്‍ നിത്തിലെത്തിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ടിയാഗോ, ടിഗോര്‍ മോഡലിന്റെ സഹോദരങ്ങളാണ് ഈ പെര്‍ഫോമെന്‍സ് കാറുകള്‍. 

Tigor JTP

പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ജെടിആര്‍ ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രെ എന്നിവയാണ് ജെടിപി പതിപ്പിലെ പ്രത്യേകതകള്‍. 

Tata JTP

കറുപ്പില്‍ മുങ്ങിയ ഇന്റീരിയറാണ് JTP പതിപ്പിലുള്ളത്. ചുവന്ന വളയങ്ങളുള്ള എസി വെന്റുകള്‍, ലതര്‍ ആവരണമുള്ള സ്റ്റീയറിങ് വീല്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, അഞ്ച് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ടിനും കരുത്തേകുക. 5000 ആര്‍പിഎമ്മില്‍ 112.4 ബിഎച്ച്പി പവറും 2000-4000 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ പവര്‍ഫുള്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് രണ്ടിലെയും ട്രാന്‍സ്മിഷന്‍. 

Tiago JTP9.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ ജെടിപിക്ക് സാധിക്കും. 10.38 സെക്കന്‍ഡില്‍ ടിഗോര്‍ ജെടിപി ഈ വേഗം കൈവരിക്കും. സ്പോര്‍ട്ട്, സിറ്റി എന്നീ രണ്ട് ഡ്രൈവിങ് മോഡ് JTP പതിപ്പിനുണ്ടാകും. 

Tata JTP

രണ്ട് കാറുകളുടെയും ടോപ്പ് എന്‍ഡ് വേരിയന്റാണ് JTP ആകുന്നത്. ടിയാഗോ JTP-ക്ക് 6.39 ലക്ഷവും ടിഗോര്‍ JTP-ക്ക് 7.49 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില.  മാരുതി ബലേനോ ആര്‍എസ്, ഫോക്‌സ് വാഗണ്‍ പോളോ ജിടി എന്നിവയാണ് ടിയാഗോ JTP-യുടെ പ്രധാന എതിരാളികള്‍. 

Content Highlights; Tata Tiago JTP, Tigor JTP Launched In India