മികച്ച വില്‍പ്പന തുടരുന്ന ടിയാഗോയുടെ രൂപം അടിമുടി മാറ്റി ക്രോസ് ഹാച്ചാക്കി ടിയാഗോ NRG പുറത്തിറക്കിയതിന് പിന്നാലെ ടിയാഗോയുടെ പുതിയ പെര്‍ഫോമെന്‍സ് പതിപ്പും ടാറ്റ നിരത്തിലെത്തിക്കുന്നു. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ടിയാഗോ JTP പെര്‍ഫോമെന്‍സ് മോഡല്‍ വരുന്ന ദീപാവലി ഉത്സവ സീസണില്‍ വിപണിയിലെത്തുമെന്ന്‌ ഉറപ്പായി.

Tata Performance Cars

ടിയാഗോ NRG ലോഞ്ചിങ് വേളയില്‍ ടാറ്റ പാസഞ്ചര്‍ വെഹിക്കില്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് നാല് മോഡലുകള്‍ ടാറ്റ വിപണിയിലെത്തിക്കും. ഇതില്‍ ഒന്ന് JTP മോഡല്‍ ആയിരിക്കും. അടുത്ത 6-8 ആഴ്ചകള്‍ക്കുള്ളില്‍ പെര്‍ഫോമെന്‍സ് JTP പ്രതീക്ഷിക്കാമെന്നും മായങ്ക് പരീക്ക് വ്യക്തമാക്കി. 

ഹാച്ച്ബാക്ക് ടിയാഗോയ്‌ക്കൊപ്പം കോംപാക്ട് സെഡാന്‍ ടിഗോറിന്റെ JTP പെര്‍ഫോമെന്‍സ് പതിപ്പും ഡല്‍ഹി എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഏത് JTP മോഡലാണ് ആദ്യമെത്തുക എന്ന കാര്യങ്ങള്‍ സ്ഥിരീകരണമായിട്ടില്ല. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ടിയാഗോ JTP ആയിരിക്കും ദീപാവലിക്കെത്തുക. 

Tiago JTP

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോമോട്ടീവുമായി ഒന്നിച്ചാണ് പെര്‍ഫോമെന്‍സ് കാറുകള്‍ ടാറ്റ യാഥാര്‍ഥ്യമാക്കിയത്. നിലവില്‍ വിപണിയിലുള്ള ടിയാഗോയുടെ രൂപത്തില്‍ നിന്ന് വലിയ മാറ്റം JTP വേരിയന്റിനില്ല. മുന്‍ഭാഗത്തെ ബംമ്പറിലെ വലിയ എയര്‍ ഡാം, സ്‌മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, JTP ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, 15 ഇഞ്ച് അലോയി വീല്‍, കളേര്‍ഡ് മിറര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രെ എന്നിവ വാഹനത്തിന് സ്‌പോര്‍ട്ടി രൂപം നല്‍കും. 

കൂടുതല്‍ മികച്ച പെര്‍ഫോമെന്‍സ് നല്‍കുന്നതാണ് ടിയാഗോ JTP. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 110 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേക്കും എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. റഗുലര്‍ ടിയാഗോയില്‍ നിന്ന് ഗിയര്‍ അനുപാദത്തിലും JTP-ക്ക് മാറ്റമുണ്ട്. ഉയര്‍ന്ന പെര്‍ഫോമെന്‍സ് ലഭിക്കാന്‍ ഇന്‍ടേക്ക്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം പരിഷ്‌കരിച്ചു. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം ആറ് ലക്ഷം രൂപയാകും ടിയാഗോ JTP-യുടെ എക്‌സ്‌ഷോറൂം വില. 

Tigor JTP
Tigor JTP

Content Highlights; Tata Tiago JTP slated for Diwali launch